| Friday, 11th October 2024, 9:36 am

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കനത്ത തോല്‍വിയേറ്റുവാങ്ങി കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പത്ത് വര്‍ഷത്തിന് ശേഷം നടന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ  തോല്‍വി. സംഘടന മത്സരിച്ച ഒരു സീറ്റില്‍പ്പോലും വിജയിക്കാനാവാതിരുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ജനറല്‍ സെക്രട്ടറി പോലും തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയം രുചിച്ചു.

10 സീറ്റുകളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നത്. സംഘടനയ്ക്ക് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടായിരുന്നു മത്സരം. എന്നാല്‍ മത്സരിച്ച 10 സ്ഥാനാര്‍ത്ഥികളില്‍ എട്ട് പേര്‍ക്കും കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. സോപോറിലെ ജമാഅത്ത് സ്ഥാനാര്‍ത്ഥിയായ മന്‍സൂര്‍ അഹമ്മദ് കലുവിന് വെറും 406 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്‌.

അതേസമയം ശക്തമായ മത്സരം നടന്ന കുല്‍ഗാമില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ യൂസഫ് തരിഗാമിക്കെതിരെ സംഘടന ജനറല്‍ സെക്രട്ടറി സയാര് അഹമ്മദ് റെഷിയായിരുന്നു മത്സരിച്ചിരുന്നത്.  മണ്ഡലത്തില്‍ ശക്തമായ പ്രകടനം കാഴ്ച്ചവെക്കാന്‍ റെഷിക്ക് സാധിച്ചു. 25,796 വോട്ടുകളാണ് റെഷി നേടിയത്.

ജമാഅത്തെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയതും റെഷിയാണ്. മറുഭാഗത്ത് നാലുവട്ടം കുല്‍ഗാം എം.എല്‍.എയായ മുഹമ്മദ് യൂസഫ് തരിഗാമി 7,838 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജമാഅത്തെയ്ക്ക് കീഴിലുള്ള ഹാലെഹെ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്  റെഷി. ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിന് മുമ്പ് രണ്ട് തവണ സംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയിരുന്നു.

കുല്‍ഗാം മേഖലയില്‍ വ്യക്തമായ ജനപിന്തുണയുള്ള ജമാഅത്ത് ഇസ്‌ലാമി 1987ല്‍ മുസ്‌ലിം യുണൈറ്റഡ് ഫ്രണ്ട് വഴിയാണ് അവസാനമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പിന്നീട് ഇപ്പോഴാണ് മത്സരരംഗത്തിറങ്ങുന്നത്.

രണ്ടാമതായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സൈനപോര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. അവിടെ ജമാഅത്തെയുടെ ഐജാസ് അഹമ്മദ് മിര്‍ 13,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മറ്റൊരു മണ്ഡലമായ പുല്‍വാമയില്‍ ജമാഅത്തെ സ്ഥാനാര്‍ത്ഥി തലത് മജീദിന്‌ 1,833 വോട്ടുകള്‍  മാത്രമാണ് നേടാനായത്. ഈ മണ്ഡലത്തില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥി വഹാദുര്‍ റഹ്‌മാന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഖല്‍ ബന്ദ് രണ്ടാം സ്ഥാനത്തെത്തി.

1990ന് ശേഷം തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2019ല്‍ പുല്‍വാമായില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എ.പി.എ പ്രകാരം നിരോധിച്ച ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി നേതാക്കള്‍ നിലവില്‍ ജയിലിലാണ്.

എന്നാല്‍ ബി.ജെ.പിയുടെ ഒത്താശയോടെ ഇന്ത്യ സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പിയാണ് ജമാഅത്തിനെ മത്സരരംഗത്തേക്കിറക്കിയതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിരോധനം പിന്‍വലിക്കുകയാണെങ്കില്‍ ബി.ജെ.പിയുമായി സഹകരിക്കാമെന്ന് സംഘടനകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: jamaat e Islami’s loss in  Kashmir election

We use cookies to give you the best possible experience. Learn more