കോഴിക്കോട്: മാധ്യമങ്ങളിലും പ്രചാരണങ്ങളിലും സ്വാധീനമുണ്ട് എന്നല്ലാതെ ജമാഅത്തെ ഇസ്‌ലാമിക്ക് സമുദായത്തില്‍ വലിയ സ്വാധീനമില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം അസ്ഹരി. ജമാഅത്തെ ഇസ്‌ലാമിക്ക് ഇതുവരെയും സമുദായത്തിനുള്ളില്‍ കടന്നുകയറാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് മലയാളം 24ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയൊരു സംഭവമായി കാണാനുള്ള വലിപ്പമൊന്നും ജമാഅത്തെ ഇസ്‌ലാമിക്ക് ഇല്ലെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടേത് പോലുള്ള ആശയങ്ങള്‍ ഇ.കെ. സമസ്തയിലെ ചില ആളുകളില്‍ കടന്നു കൂടുന്നുണ്ട് എന്ന് കണ്ടപ്പോള്‍ തന്നെ ആ സംഘടന അതില്‍ ഇടപെട്ടിട്ടുണ്ടെന്നും ഒരിക്കലും സുന്നികള്‍ക്കിടയിലേക്ക് കടന്നു കയറാന്‍ അത്തരം ആശയങ്ങള്‍ക്ക് സാധിക്കില്ല എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് അതെന്നും അസ്ഹരി പറഞ്ഞു.
കേരളത്തില്‍ സുന്നികളല്ലാത്തവര്‍ ആകെ മുസ്‌ലിം സമുദായത്തിന്റെ അഞ്ച് ശതമാനം മാത്രമേയുള്ളൂ എന്നും എന്നാല്‍ അവര്‍ നടത്തുന്ന പ്രസംഗങ്ങളും പ്രചാരണങ്ങളും മുഴുവന്‍ മുസ്‌ലിങ്ങളുടെയും പേരില്‍ വരവ് വെക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിക്കലി തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം അദ്ദേഹം എഴുതിയതായിരിക്കില്ലെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
പ്രസ്തുത ലേഖനം അദ്ദേഹത്തിന്റെ പേരില്‍ മറ്റാരെങ്കിലും എഴുതിയതായിരിക്കാമെന്നും അദ്ദേഹം ഒരിക്കലും ബേധപൂര്‍വം അങ്ങനെ ഉദ്ദേശിച്ച് എഴുതിയതായിരിക്കില്ല അതെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിരുന്നെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ ഈ വിഷയം ചര്‍ച്ചയായിട്ടില്ലെന്നും പുറത്തുള്ളവരാണ് ഇത് ചര്‍ച്ചയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചില ട്രെന്റുകള്‍ സൃഷ്ടിച്ച് താത്കാലികമായൊരു സ്ഥിതി വിശേഷത്തിലൂടെ വോട്ട് നേടുന്ന രീതി രാജ്യത്താകെ വളര്‍ന്നു വരുന്നുണ്ട്. ഇത് ചിലപ്പോഴക്കെ വര്‍ഗീയമായ വേര്‍തിരിവിലേക്ക് വഴിവെക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറയുന്നു.
content highlights: Jamaat-e-Islami may have influence in the media, but not in the community: Abdul Hakeem Azhari