സച്ചിന്‍ ദേവ് മുണ്ടുടുത്തും ആര്‍. ബിന്ദു സാരിയുടുത്തും നടത്തുന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ ആണ്‍വേഷം കെട്ടിക്കുകയാണോ; ജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ജമാഅത്തെ ഇസ്‌ലാമി നേതാവ്
Kerala News
സച്ചിന്‍ ദേവ് മുണ്ടുടുത്തും ആര്‍. ബിന്ദു സാരിയുടുത്തും നടത്തുന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ ആണ്‍വേഷം കെട്ടിക്കുകയാണോ; ജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ജമാഅത്തെ ഇസ്‌ലാമി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 9:05 pm

കോഴിക്കോട്: ജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ വിമര്‍ശനവുമായി ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ പി. മുജീബ് റഹ്‌മാന്‍.
പെണ്ണിനെ ആണ്‍വേഷം കെട്ടിക്കലാണോ ജെന്റര്‍ ഈക്വാലിറ്റിയെന്ന് അദ്ദേഹം ചോദിച്ചു.

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍ നടത്തുന്ന ‘ജന്റര്‍ ന്യൂട്രല്‍ യൂണിഫോം’ പ്രഖ്യാപന പരിപാടി മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

‘കൗതുകമെന്തന്നാല്‍ സച്ചിന്‍ ദേവ് മുണ്ടുടുത്തും ആര്‍. ബിന്ദു സാരിയുടുത്തും നടത്തുന്ന ഈ പരിപാടിയില്‍ പാവം വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്കുമേല്‍ ആണ്‍വേഷം കെട്ടിയേല്‍പ്പിച്ച് ജെന്റര്‍ ഈക്വാലിറ്റി പ്രഖ്യാപിക്കുയാണ്,’ പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

വസ്ത്രത്തിലും ഭക്ഷണത്തിലുമുള്ള വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നത് ഏകാത്മക ദേശീയതയുടെ വക്താക്കളായ സഘംപരിവാര്‍ അജണ്ടയാണ്. എത്ര പെട്ടെന്നാണ് സംഘ് അജണ്ട ഇടത് അജണ്ടയായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പവിത്രമായ കുടുംബ സാമൂഹ്യ ഘടനയില്‍ ആശയപരമായി പരാജയപ്പെടുന്ന ലിബറല്‍ ജീവിത സംസ്‌കാരം
നാട്ടിലെ പൊതുകമ്മറ്റികള്‍ വഴി സ്‌കൂള്‍ കുട്ടികളിലേക്ക് വരെ ഒളിച്ച് കടത്താനാരംഭിച്ചിരിക്കുന്നു. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജന്റര്‍ ന്യൂട്രല്‍ യൂണിഫോം നടത്താനൊരുങ്ങുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍. പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Jamaat-e-Islami Leader P Mujeeburahman against Gender Neutral Uniform