| Friday, 17th May 2019, 4:56 pm

ശൂറാ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തു; ജമാഅത്ത് നേതാവിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ കൂടിയാലോചനാ സമിതിയായ ശൂറയിലെ ചര്‍ച്ചകളും അന്വേഷണ റിപ്പോര്‍ട്ടും ചോര്‍ത്തിക്കൊടുത്തതിന് ജമാഅത്ത് നേതാവിന് സസ്‌പെന്‍ഷന്‍. ശൂറ അംഗവും മുന്‍ സംഘടനാ കാര്യ സെക്രട്ടറിയുമായ ഖാലിദ് മൂസ നദ്വിയെയാണ് അന്വേഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

സംഘടനയുടെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാന്‍ ശൂറ സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് കഴിഞ്ഞ ഒമ്പതിന് ചേര്‍ന്ന ശൂറാ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍.

മാധ്യമം ദിനപത്രത്തിലും മീഡിയവണ്‍ ചാനലിലും സാമ്പത്തിക അഴിമതി നടക്കുന്നതായി തൊഴിലാളി യൂനിയനുകളടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

ജമാഅത്ത് നേതാക്കള്‍ ഉള്‍പ്പെട്ട സംഘം നടത്തുന്ന അഴിമതിയും പിടിപ്പുകേടുമാണ് പ്രതിസന്ധിക്കു കാരണമെന്നും ആരോപണമുയര്‍ന്നിരുന്നു. അതിനിടെ, ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്, മാധ്യമം എംപ്ലായീസ് യൂനിയന്‍ സംഘടനാ നേതൃത്വത്തിന് കത്തു നല്‍കി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരാതികളാണ് പ്രത്യേക സമിതി അന്വേഷിച്ചിരുന്നത്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തേക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് ഇപ്പോള്‍ അച്ചടക്ക നടപടി ഉണ്ടായത്.

ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്്ദുല്‍ അസീസ് പറഞ്ഞു.

കൂട്ടില്‍ മുഹമ്മദാലി, പി. മുഹമ്മദ് എന്നിവരടങ്ങിയ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരുന്നത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ജമാഅത്ത് അനുകൂല സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. യുവജന വിഭാഗമായ സോളിഡാരിറ്റിയിലും ചര്‍ച്ചയായിരുന്നു.

ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാധ്യമം ദിനപത്രത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം ഏറെ വൈകുന്നത് പതിവാണ്. നിരവധി കരാര്‍ തൊഴിലാളികളെ പിരിച്ചു വിട്ടു.മാനേജ്മെന്റിന്റെ പിടിപ്പുകേടും സാമ്പത്തിക ധൂര്‍ത്തുമാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്ന് ജീവനക്കാരുടെ യൂനിയന്‍ ജമാഅത്ത് നേതാക്കള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

രണ്ടര വര്‍ഷം മുമ്പും നടപടി നേരിട്ട ശൂറ അംഗമാണ് ഖാലിദ് മൂസ. പിന്നീട് അഖിലേന്ത്യാ അമീറിന് ക്ഷമാപണം എഴുതി നല്‍കിയ ശേഷം സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. ശേഷം ശൂറയിലും ജമാഅത്തെ ഇസ്ലാമിയുടെ പ്രഭാഷണ രംഗത്തും ഖാലിദ് മൂസ സജീവമായിരുന്നു.

We use cookies to give you the best possible experience. Learn more