| Sunday, 4th December 2022, 1:44 pm

ബോധപൂര്‍വം ആരെങ്കിലും ഈ പ്രതിജ്ഞ ചൊല്ലിയാല്‍ അവര്‍ കാഫിര്‍; കുടുംബശ്രീ പ്രതിജ്ഞയില്‍ ജമാഅത്ത് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീ പ്രതിജ്ഞയിലെ വാചകത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി പ്രഭാഷകന്‍ ഇല്യാസ് മൗലവി. ആ പ്രതിജ്ഞയിലെ ‘നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും’ എന്ന വാചകം അള്ളാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമാണെന്ന് ഇല്യാസ് മൗലവി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് അനുശാസിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു’ -(അന്നിസാഅ്: 11) ‘- അള്ളാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമായതിനാല്‍ ഒരു മുസ് ലിം ഇങ്ങനെയൊരു പ്രതിജ്ഞ ചൊല്ലാന്‍ പാടുള്ളതല്ലെന്നാണ് ഇല്യാസ് മൗലവി പറയുന്നത്. അള്ളാഹുവിന്റെ ശാസനകള്‍ ധിക്കരിച്ച് മറ്റുള്ള നിയമങ്ങളെ തൃപ്തിപ്പെടുന്നവന്‍ കാഫിറാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതെല്ലാം മനസിലാക്കിയിട്ടും ആരെങ്കിലും ബോധപൂര്‍വ്വം അങ്ങനെയൊരു പ്രതിജ്ഞ ചെയ്താല്‍ അവര്‍ കാഫിറായതു തന്നെ. അത്തരക്കാര്‍ തൗബ ചെയ്യാത്ത പക്ഷം അവരെ മുസ്‌ലിമായി പരിഗണിക്കാന്‍ പാടില്ല. അവരുമായുള്ള ദാമ്പത്യം വേര്‍പെടുമെന്നാണ് ശരീഅത്തിന്റെ വിധി, ഇങ്ങനെ കാഫിറായവരുമായി ദാമ്പത്യം തുടരാന്‍ ദമ്പതിമാര്‍ക്ക് പാടില്ല. അത്തരക്കാര്‍ മരണപ്പെട്ടാല്‍ മയ്യിത്ത് നമസ്‌ക്കരിക്കാനോ, ഇസ്‌ലാമികാചാരപ്രകാരം മറവ് ചെയ്യാനോ പാടില്ല.

കമ്മ്യൂണിസവും ലിബറലിസവും തലക്ക് പിടിച്ചവരോടല്ല ഈ പറയുന്നതൊന്നും. അവര്‍ക്കിത് ദഹിക്കുകയില്ലെന്നും അറിയാം, ഇത് ഖുര്‍ആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുന്ന യഥാര്‍ത്ഥ
മുസ്ലിങ്ങളോട് പറയുന്നതാണ്. അതിനാല്‍ മാപ്ലാവുകള്‍ വെകളി പിടിക്കേണ്ടതില്ല,’ ഇല്യാസ് പറഞ്ഞു.

ഇസ് ലാം വിശ്വാസപ്രകാരമുള്ള വിഷയങ്ങളില്‍ സ്വാഭിപ്രായങ്ങള്‍ പ്രയോഗിക്കാന്‍ വ്യക്തികള്‍ക്കോ കോടതിക്കോ പാര്‍ലമെന്റിനോ അധികാരമില്ലെന്നാണ് ഇസ് ലാമിക കാഴ്ചപ്പാടെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നുണ്ട്.

അള്ളാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല.-(അല്‍ അഹ്‌സാബ്: 36). അള്ളാഹുവിങ്കല്‍നിന്നും പ്രവാചകനില്‍നിന്നും ഉള്ളതെന്ന് സ്ഥിരപ്പെട്ട ഏതൊരു കാര്യത്തിലും സ്വാഭിപ്രായങ്ങള്‍ പ്രയോഗിക്കാന്‍ മുസ്‌ലിമായ വ്യക്തിക്കോ സമൂഹത്തിനോ കോടതിക്കോ പാര്‍ലമെന്റിനോ സ്റ്റേറ്റിനോ ഒന്നും ഇസ്‌ലാമിക ദൃഷ്ട്യാ ഒരധികാരവുമില്ല.

മുസ്‌ലാമാവുക എന്നതിന്റെ അര്‍ത്ഥം തന്നെ, ദൈവത്തിന്റെയും ദൈവദൂതന്റെയും മുമ്പില്‍ തന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അടിയറവെക്കുക എന്നാണല്ലോ. വല്ല വ്യക്തിയോ സമൂഹമോ മുസ്‌ലിമായിരിക്കുകയും അതോടൊപ്പം സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് പരസ്പര വിരുദ്ധമായ നിലപാടാണ്. ഈ രണ്ട് ലൈനുകളുടെയും സംയോജനം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിഭാവനം ചെയ്യാനേ സാധ്യമല്ല, ഇല്യാസ് മൗലവി കുറിപ്പില്‍ പറഞ്ഞു.

‘ഒരുവന്‍ മുസ്ലിമാണെങ്കില്‍ അവന്‍ അനിവാര്യമായും ദൈവത്തിന്റെ മുമ്പില്‍ ശിരസ്സ് കുനിച്ചവനായിരിക്കും. ആര്‍ ഇങ്ങനെ തല കുനിക്കുന്നില്ലയോ അവന്‍ മുസ് ലിമല്ലെന്ന് നേര്‍ക്കുനേരെ മനസ്സിലാക്കാവുന്നതാണ്. ഞാന്‍ മുസ്‌ലിമാണെന്ന് അയാള്‍ എത്രമാത്രം ഉറപ്പിച്ചു പറഞ്ഞാലും അത് വിശ്വസിക്കാവതല്ല. ദൈവത്തിന്റെയും സൃഷ്ടികളുടെയും ദൃഷ്ടിയില്‍ അവന്‍ കപടനാണെന്ന് തന്നെയായിരിക്കും തീരുമാനിക്കപ്പടുക-(തഫ്ഹീമുല്‍ ഖുര്‍ആന്‍),’ അദ്ദേഹം പറഞ്ഞു.

അനന്തരാവകാശ വിധികളെ കുറിച്ചുള്ള ഖുര്‍ആനിലെ ഭാഗങ്ങളാണ് ഇല്യാസ് അടുത്തതായി തന്റെ കുറിപ്പില്‍ പറയുന്നത്. ‘ഇത് അള്ളാഹു നിശ്ചയിച്ച പരിധികളാകുന്നു. അള്ളാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരെ അവന്‍ കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍, നിത്യവാസികളായി പ്രവേശിപ്പിക്കുന്നതാകുന്നു. അതത്രെ മഹത്തായ വിജയം. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികളെ മറികടക്കുകയും ചെയ്തവനെ നരകത്തില്‍ നിത്യവാസിയായി തള്ളുന്നു. അവന് നിന്ദ്യമായ ദണ്ഡനവുമുണ്ട്-(അന്നിസാഅ്: 13-14).

ഇതിന്റെ വിശദീകരണത്തില്‍ മൗദൂദി സാഹിബ് പറയുന്നു, ഭയാനകമായ ഒരു താക്കീതാണിത്. അള്ളാഹു നിശ്ചയിച്ച പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ മാറ്റിമറിക്കുകയോ തന്റെ വിശുദ്ധ വേദത്തില്‍ വിശദമായി നിര്‍ദേശിച്ച ഇതര നിയമപരിധികള്‍ അതിലംഘിക്കുകയോ ചെയ്യുന്നവര്‍ക്ക് ശാശ്വതമായ നരകശിക്ഷയാണീ വാക്യത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, പരിതാപകരമെന്നു പറയട്ടെ, ഇത്ര കഠോരമായ താക്കീതുണ്ടായിരുന്നിട്ടും, യഹൂദന്മാരെപ്പോലെ മുസ്ലിങ്ങളും ധാര്‍ഷ്ട്യപൂര്‍വം ദൈവനിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ദൈവിക സീമകള്‍ അതിലംഘിക്കുകയും ചെയ്തിരിക്കയാണിന്ന്(തഫ്ഹീമുല്‍ ഖുര്‍ആന്‍),’ ഇല്യാസിന്റെ കുറിപ്പില്‍ പറയുന്നു.

അതേസമയം, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞ.

സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കിയ സര്‍ക്കുലറിലായിരുന്നു ഇതുള്ളത്. മാസത്തിലെ നാലാമത്തെ ആഴ്ചയില്‍ എല്ലാ കുടുംബശ്രീയിലും ജെന്‍ഡര്‍ റിസോഴ്‌സ് മീറ്റിലൂടെ പ്രതിജ്ഞ ചൊല്ലണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍, സ്ത്രീക്കും പുരുഷനും തുല്യസ്വത്തവകാശം എന്ന വാചകമുള്‍പ്പെട്ട ഈ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചിരിക്കുകയാണ്. ചില മുസ്‌ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം പ്രതിജ്ഞക്കെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ നിന്നും പ്രതിജ്ഞ പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പ് ജില്ലാ മിഷനുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ജില്ലാ മിഷനുകള്‍ ഇത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൈമാറിയതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിജ്ഞ ഒഴികെയുള്ള മറ്റ് പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിക്കാമെന്നും പുതുക്കിയ പ്രതിജ്ഞ പിന്നീട് നല്‍കുമെന്നും അറിയിപ്പിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ പ്രതിജ്ഞയിലെ ചില ഭാഗങ്ങള്‍ വിവാദമായ സാഹചര്യവും മുസ്‌ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നതുംകൂടി പരിഗണിച്ചാണ് പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്നാണ് കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രേഖാമൂലമുള്ള സര്‍ക്കുലറുകളോ ഉത്തരവുകളോ ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ല. വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

Content Highlight: Jamaat e islami leader against Kudumbasree pledge

We use cookies to give you the best possible experience. Learn more