| Wednesday, 29th December 2021, 9:55 pm

കെ റെയില്‍ വിഷയത്തില്‍ ഇതുവരെ നിലപാടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ സംഘടന ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്‌മാന്‍.

നിലപാട് പറയുന്നതിന് മുമ്പ് തന്നെ ജമാഅത്തെ ഇസ്‌ലാമി കെ റെയിലിനെ എതിര്‍ക്കുന്നു എന്ന പ്രസ്താവന നടത്തുകയാണ് കോടിയേരിയും സി.പി.ഐ.എമ്മുമെന്നും പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഔദ്യോഗികമായി നിലപാട് അറിയിച്ചിട്ടില്ല, നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ ജമാഅത്ത് ഇസ്‌ലാമിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

വിശദമായി പദ്ധതി റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം സംഘടന നിലപാട് സ്വീകരിക്കും. കേരളത്തിന്റെ പരിസ്ഥിതി, ജനസാന്ദ്രത, പദ്ധതിയുടെ സുതാര്യത, കോര്‍പ്പറേറ്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട സമീപനം തുടങ്ങിയ കാര്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ പ്രഥമ ദൃഷ്ടിയില്‍ ജമാഅത്ത് ഇസ്‌ലാമിക്ക് പദ്ധതിയോട് അനുകൂലമായ സമീപനമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐയും ജമാഅത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും എന്ത് വിലകൊടുത്തും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇതിന്റെ ചെലവ് 8400 കോടി കവിയുമെന്നും വി.എസ്. സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയാണ് കെ റെയില്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.

വിമോചന സമരത്തിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിതെന്നും ഈ കെണിയില്‍ യു.ഡി.എഫും വീണുവെന്നും കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ യു.ഡി.എഫിന്റെ ഓഫീസ് പൂട്ടുമെന്നും കോടിയേരി പറഞ്ഞിരുന്നു.

ദേശീയ തലത്തില്‍ സി.പി.ഐ.എം അതിവേഗ പാതക്ക് എതിരല്ലെന്നും കോടിയേരി പറഞ്ഞു. അതിരപ്പള്ളി പദ്ധതിക്ക് ഇപ്പോള്‍ പ്രസക്തി കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Jamaat-e-Islami (JI) has not yet taken a stand on the K rail issue says P. Mujeeb Rahman.

We use cookies to give you the best possible experience. Learn more