തിരുവനന്തപുരം: ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ യു.ഡി.എഫ് മൗനം പാലിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രിയും സി.പി.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസ്. യു.ഡി.എഫിന്റെ മൗനം മതേതരവാദികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനകളും, പണ്ഡിത നേതൃത്വങ്ങളും ശക്തമായി ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചു. എന്നാല്‍ മുസ്‌ലിം ലീഗ് ഇതിനെതിരെ രംഗത്ത് വന്നിട്ടില്ല. യു.ഡി.എഫ് നേതൃത്വം ഇതിനെതിരെ ഒരു അക്ഷരം മിണ്ടിയിട്ടില്ല,’ മന്ത്രി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റിന് എന്താണ് ഇതിനെക്കുറിച്ചുള്ള നിലപാട്. കെ.പി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ ഒരു അക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘അക്രമങ്ങള്‍ ശക്തമാകുമ്പോള്‍ അതിനെ ചെറുക്കാനോ ഇല്ലാതാക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ ചുട്ട് കൊന്ന സംഭവം വരെ അടുത്ത് ഉണ്ടായി. ഈ സമയത്ത് ആര്‍.എസ്.എസിനെ പോലെ തന്നെ ഒരു മതരാഷ്ട്ര വാദം മുറുക്കെ പിടിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച ചെയ്യുന്ന ഏറ്റവും നാണംകെട്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയത്.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അടച്ചിട്ട മുറിയിലാണ് ആര്‍.എസ്.എസുമായി ചര്‍ച്ച ചെയ്തത്. ഒരു ഭാഗത്ത് ആര്‍.എസ്.എസിനെതിരെയുള്ള ലേഖനമെഴുതുകയും സംസാരിക്കുകയും ചെയ്യുന്നു, മറുഭാഗത്ത് തലയില്‍ മുണ്ടിട്ട് കൊണ്ട് ചര്‍ച്ചക്ക് പോകുന്നു,’ റിയാസ് പറഞ്ഞു.
ആര്‍.എസ്.എസുമായി ചര്‍ച്ച ചെയ്താല്‍ അവര്‍ എടുക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നവരല്ല, ജമാഅത്തെ ഇസ്‌ലാമി ദേശീയ നേതൃത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനൊരു ചര്‍ച്ച നടത്തിയിട്ട് എന്താണ് നേടാന്‍ പോകുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ചോദിച്ചു.
‘ചര്‍ച്ച നടത്തിയിട്ട് എന്താണ് നേടാന്‍ പോകുന്നതെന്ന കാര്യം കൃത്യമായി ജനങ്ങളോട് പറയേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് കൊണ്ട് ആര്‍.എസ്.എസിന്റേയും ജമാഅത്തെ ഇസ്‌ലാമിയുടെയും നിലപാടിനെ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ മുന്നില്‍ മറക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടലാണ് നടക്കുന്നത്. ഇതിലൂടെ സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്താന്‍ വേണ്ടിയുള്ള നീക്കമാണ് നടക്കുന്നത്,’ ഗോവിന്ദന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി-ആര്‍.എസ്.എസ് ചര്‍ച്ചയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്ന് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 14ന് ന്യൂദല്‍ഹിയില്‍ വെച്ചാണ് ആര്‍.എസ്.എസ് നേതാക്കളുമായി ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച നടത്തിയത്. മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ. ഖുറേഷിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
CONTENT HIGHLIGHT: Jamaat-e-Islami is discussing it, UDF is silent: Muhammad Riyas