ന്യൂദല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. കോടതി വിധി ലൈംഗിക ആരാജക്വത്തിലേക്ക് നയിക്കുമെന്നും കുടുംബസംവിധാനത്തെ തകര്‍ക്കുമെന്നും പറഞ്ഞാണ് ജമാഅത്തെ ഇസ്‌ലാമി വിധിയ്‌ക്കെതിരെ രംഗത്തുവന്നത്.
സെക്ഷന്‍ 377 ഭാഗികമായി റദ്ദാക്കിയ സുപ്രീം കോടതി നടപടിയോട് ശക്തമായി വിയോജിക്കുന്നു. നടപടി നിരാശാജനകമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസ്താവനയില്‍ പറയുന്നത്.
“സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമാക്കുന്നതും പുരുഷനും- പുരുഷനും, സ്ത്രീയ്ക്കും-സ്ത്രീയ്ക്കും വിവാഹം ചെയ്യാന്‍ അനുമതി നല്‍കുന്നതും കുടുംബ സംവിധാനത്തെ തകര്‍ക്കുകയും സ്വാഭാവികമായ പരിണാമത്തെയും മനുഷ്യവംശത്തിന്റെ പുരോഗതിയെയും തകര്‍ക്കും.” എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ജമാഅത്ത് പൗരന്മാരുടെ മൗലികാവാശത്തില്‍ വിശ്വസിക്കുകയും സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി നിലകൊള്ളുകയുംചെയ്യുന്നു. എന്നാല്‍ ധാര്‍മ്മിക ഉത്തരവാദിത്തം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സഹജീവികളെ ഓര്‍മ്മിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. കുറ്റകൃത്യങ്ങളെയും തിന്മയേയും അരാജകത്വത്തേയും ധാര്‍മ്മിക ഉത്തരവാദിത്തമായി ഒരു സമൂഹത്തിനും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
“മത ശാസനകളേയും നമ്മുടെ സംസ്‌കാരത്തേയും ജനഭൂരിപക്ഷത്തിന്റെ നിലപാടുകളേയും തള്ളിക്കളയുന്ന ഈ ലജ്ജാകരമായ ലൈംഗിക വൈകൃതത്തെ, മൂല്യച്യുതിയെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ജനാധിപത്യമായ എല്ലാവഴിയും സ്വീകരിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും” എന്നും ജെ.ഐ.എച്ച് സെക്രട്ടറി ജനറല്‍ മുഹമ്മദ് സാലിം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“ലൈംഗിക അരാജകത്വത്തിലേക്ക് പോകുന്നതില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കും, ലൈംഗിക ചൂഷകരില്‍ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കും, നമ്മുടെ പെണ്‍മക്കളുടെയും സഹോദരങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഐ.പി.സിയുടെ സെക്ഷന്‍ 377 റദ്ദാക്കുന്നത് പല മതങ്ങളുടെയുംവ്യക്തി നിയമങ്ങളെ ബാധിക്കുമെന്നതിനാല്‍ പൗരന്മാരുടെ മൗലികാവകാശ നിഷേധത്തെ തടയും.” എന്നു പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.