കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്‌ലാമിയെ ഒരു ടൂളായി ഉപയോഗിച്ച് കൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് മൗലവി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമിയെ അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുന്നതെന്നും എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
പല ഘട്ടങ്ങളിലും പിണറായി വിജയനും ഇടതുമുന്നണിയും തങ്ങളുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വിവിധ തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി ഞങ്ങളുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത വര്‍ഗീയതയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഞങ്ങളുടെ മേലില്‍ ആരോപിക്കുന്നത്.
നേരത്തെ ഇടതുപക്ഷവുമായി ഞങ്ങള്‍ സഹകരിച്ചിരുന്ന ഘട്ടത്തില്‍ രമേശ് ചെന്നിത്തല വിമര്‍ശനമുന്നയിച്ചിരുന്നു. അക്കാലത്ത് ഇതേ പിണറായി വിജയന്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നമെന്നായിരുന്നു ചെന്നിത്തലയോട് ചോദിച്ചത്.
അന്നത്തേതില്‍ നിന്ന് വിഭിന്നമായി യാതൊരു വ്യതിയാനവും ഞങ്ങളുടെ നിലപാടുകളിലും രാഷ്ട്രീയത്തിലുമുണ്ടായിട്ടില്ല. അന്ന് ഞങ്ങളില്‍ കാണാത്ത എന്ത് വര്‍ഗീയതയാണ് മുഖ്യമന്ത്രി ഇപ്പോള്‍ കാണുന്നത്,’ എം.ഐ. അബ്ദുല്‍ അബ്ദുല്‍ അസീസ് ചോദിക്കുന്നു.
മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ പേര് ഉപയോഗിച്ച് മുഖ്യമന്ത്രി ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. ഇത് അത്യന്തം പരിഹാസ്യവും അപകടകരവുമാണ്.
ഇത് ജമാഅത്തെ ഇസ്‌ലാമിയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നാടിനെയാകെ ഇത് അപകടത്തിലേക്ക് നയിക്കും. ഇത്തരം പ്രചരണങ്ങള്‍ മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കെ റെയില്‍ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി സംഘടനപരമായി പരസ്യമായ ഒരു നിലപാട് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പദ്ധതി നടപ്പിലാക്കാന്‍ അനാവശ്യ ധൃതി കാണിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
കെ റെയിലിനെ സംബന്ധിച്ച് ഞങ്ങള്‍ പരസ്യമായ ഒരു നിലപാട് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പദ്ധതിയുടെ പൂര്‍ണ്ണമായ വിവരം അടുത്ത ദിവസങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.
പദ്ധതിയെ സംബന്ധിച്ച് പഠനം നടത്താന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കും ഞങ്ങള്‍ സംഘടന എന്ന തരത്തില്‍ ഒരു നിലപാട് പ്രഖ്യാപിക്കുക.
എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ കെ റെയിലിനെതിരായ പ്രതിഷേധങ്ങളെയും ഞങ്ങളുടെ മേലില്‍ കെട്ടിവെക്കുകയാണ് ചെയ്യുന്നത്. കെ റെയില്‍ സംബന്ധിച്ച് കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനയുമായോ തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.