'മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കൂ' സംഭാൽ മസ്ജിദ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജുമാ മസ്ജിദ് ഇമാമിൻ്റെ വൈകാരിക അഭ്യർത്ഥന
national news
'മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കൂ' സംഭാൽ മസ്ജിദ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജുമാ മസ്ജിദ് ഇമാമിൻ്റെ വൈകാരിക അഭ്യർത്ഥന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2024, 11:57 am

ന്യൂദൽഹി: സംഭാൽ മസ്ജിദ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വൈകാരിക അഭ്യർത്ഥന നടത്തി ജുമാ മസ്ജിദ് ഷാഹി ഇമാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങൾക്കിടയിൽ ദൽഹിയിലെ ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പ്രധാനമന്ത്രിയോട് രാജ്യത്തെ മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കാൻ വൈകാരിക അഭ്യർത്ഥന നടത്തുകയായിരുന്നു.

‘നിങ്ങൾ ( പ്രധാനമന്ത്രി മോദി ) ഇരിക്കുന്ന കസേരയോട് നീതി പുലർത്തണം. മുസ്‌ലിങ്ങളുടെ ഹൃദയം കീഴടക്കുക. സംഘർഷം സൃഷ്ടിക്കാനും രാജ്യത്തിൻ്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അക്രമികളെ തടയുക. 1947ൽ ഉണ്ടായിരുന്നതിനേക്കാൾ മോശമായ സാഹചര്യത്തിലാണ് നമ്മൾ നിൽക്കുന്നത്. ഭാവിയിൽ രാജ്യം ഏത് വഴിക്ക് പോകുമെന്ന് ആർക്കും അറിയില്ല,” ജുമാ മസ്ജിദിൽ കണ്ണീരോടെ ബുഖാരി പറഞ്ഞു.

നിലവിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഹിന്ദു മുസ്‌ലിം വിഭാഗത്തിൽ നിന്ന് മൂന്ന് വീതം ആളുകളെ ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് നിർദേശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നവംബർ 24ന് ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ മുഗൾ ഭരണകാലത്തെ ഷാഹി ജുമാ മസ്ജിദിൻ്റെ സർവേയ്‌ക്കിടെയുണ്ടായ അക്രമാസക്തമായ സംഘർഷത്തെ തുടർന്നാണ് ബുഖാരിയുടെ വൈകാരികമായ പ്രതികരണം.

നവംബർ 19ന് കോടതി ഉത്തരവിട്ട ഷാഹി ജുമാ മസ്ജിദിൻ്റെ സർവേയെ തുടർന്ന് സംഭാലിൽ സംഘർഷം നടന്നിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹരജിയെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹരജിക്ക് പിന്നാലെ നവംബർ 24 ന് മുഗൾ കാലഘട്ടത്തിലെ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനക്കിടെ കല്ലേറുണ്ടാവുകയും 5 പേർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

Content Highlight: Jama Masjid Shahi Imam’s emotional appeal to PM Narendra Modi over Sambhal mosque row: ‘Win hearts of Muslims’