| Sunday, 22nd January 2017, 9:35 am

മധുരയിലെ ജല്ലിക്കെട്ട് ഉപേക്ഷിച്ചേക്കും: പ്രതിഷേധക്കാരുമായുള്ള ചര്‍ച്ച പരാജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മധുര അളകാനെല്ലൂരില്‍ ജല്ലിക്കെട്ട് നടത്താനുള്ള ശ്രമം ഉപേക്ഷിച്ചേക്കും. ജല്ലിക്കെട്ട് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

ആറുമാസത്തെ കാലാവധി മാത്രമുള്ള ഓര്‍ഡിനന്‍സിനു പകരം ഒരു കോടതിക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തത്ര ശക്തമായ നിയമനിര്‍മാണം നടത്തണമെന്നാണ് ആവശ്യം.

താല്‍ക്കാലിക പരിഹാരത്തില്‍ തൃപ്തരല്ലെന്നും എല്ലാ വര്‍ഷവും ജെല്ലിക്കെട്ടിന് അനുമതി വേണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ പ്രതിഷേധവക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമാണ്. തുടര്‍ന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

മധുരയിലെ അളകാനെല്ലൂരിലും ചെന്നൈ മറീന ബീച്ചിലും പ്രതിഷേധം തുടരുകയാണ്. ജല്ലിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അളകാനെല്ലൂരിലെ സ്ഥിരം ജെല്ലിക്കെട്ടു വേദിക്കു സമീപം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇവിടെ ജെല്ലിക്കെട്ടു നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുമില്ല. അഴകാനല്ലൂരിലേക്കുള്ള റോഡ് ഗതാഗതം പലയിടത്തും പ്രക്ഷോഭകര്‍ തടയുന്നുണ്ട്.

ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനെയും വഴിയില്‍ തടയുമെന്നാണു സൂചന. മധുരയിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം ഉപരോധം തുടരുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം  കേന്ദ്രത്തിലേക്ക് അയച്ച ഓര്‍ഡിനന്‍സിന് 24 മണിക്കൂറിനകം മൂന്ന് മന്ത്രാലയങ്ങളുടെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്നലെ അംഗീകാരം നല്‍കിയിരുന്നു.

അതേസമയം, പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്നാണു യുവാക്കളുടെ നിലപാട്.

2014ല്‍ സുപ്രീം കോടതി നിരോധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷവും െജല്ലിക്കെട്ട് നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, മൃഗക്ഷേമ സംഘടനയായ “പെറ്റ” നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അത് തടയുകയായിരുന്നു.

We use cookies to give you the best possible experience. Learn more