| Tuesday, 2nd March 2021, 4:02 pm

മലയാളത്തിന് വീണ്ടും അഭിമാന നേട്ടം; ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ മത്സരവിഭാഗത്തിലേക്ക് ജല്ലിക്കെട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച ശബ്ദമിശ്രണത്തിന് നല്‍കുന്ന 68ാമത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന്റെ ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിംഗ് മത്സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് തെരഞ്ഞെടുത്തു. ചിത്രം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത വിവരം ജല്ലിക്കെട്ടിന്റെ ശബ്ദ മിശ്രണം നിര്‍വഹിച്ച രംഗനാഥ് രവി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിലുള്ള അവാര്‍ഡാണ് ഗോള്‍ഡന്‍ റീല്‍.

‘ഏറ്റവും മികച്ച ദിനങ്ങളിലൊന്നാണിന്ന് !

ഞാന്‍ എപ്പോഴും ഉറ്റു നോക്കുന്ന ആളുകളില്‍ നിന്ന് എനിക്ക് ഒരിടം കിട്ടുന്നത് ഭാഗ്യം തന്നെയാണ്. ജല്ലിക്കെട്ട് മികച്ച ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിംഗിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.

ഇന്ത്യന്‍ സിനിമാ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ജല്ലിക്കെട്ടിനായത് ഒരു അംഗീകാരമാണ്. ഈ നോമിനേഷന്‍ തന്നെ ഒരു പുരസ്‌കാരമാണ്.

ലിജോയ്ക്ക് നന്ദി, എപ്പോഴും എന്റെ ഉള്ളിലെ ഏറ്റവും മികച്ചതിനെ തന്നെ പുറത്തെടുക്കാന്‍ സാധിക്കുന്നതിന്. പ്രൊഡ്യൂസര്‍മാര്‍ക്കും നന്ദി,’ രംഗനാഥ് രവി ഫേസ്ബുക്കിലെഴുതി.

സൗണ്ട് ടീമായ കണ്ണന്‍ ഗണപത്, മുഹമ്മദ് ഇക്ബാല്‍, അരുണ്‍ രാമവര്‍മ്മ തമ്പുരാന്‍, ശ്രീജിത്ത് ശ്രീനിവാസന്‍, ബോണി എം. ജോയ്, ഫ്രാന്‍സിസ് സി ഡേവിഡ് എന്നിവരോടും രംഗനാഥ് നന്ദി അറിയിച്ചു.

അതേസമയം ഓസ്‌കാര്‍ മത്സരത്തില്‍ നിന്നും ജല്ലിക്കെട്ട് പുറത്തായി. 93ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷാ സിനിമയുടെ പട്ടികയിലേക്കാണ് ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കെട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jallikkattu nominated for sound editing in Golden reel Award

We use cookies to give you the best possible experience. Learn more