എല്ലാവര്‍ഷവും ജല്ലിക്കെട്ട് നടത്താനാവശ്യമായ നിയമപരമായ സാഹചര്യം ഒരുക്കണമെന്ന ആവശ്യത്തിലാണ് സമരക്കാര്‍.
ചെന്നൈ: ജല്ലിക്കെട്ടിന്മേലുള്ള നിയമപരമായ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ ഒത്തുചേര്‍ന്ന സമരക്കാര്‍ പിരിഞ്ഞു പോകില്ലന്ന് അറിയിച്ചതിനാല്‍ പൊലീസ് നിര്‍ബന്ധപൂര്‍വ്വം സമരക്കാരെ ഒഴിപ്പിക്കുന്നു. ജല്ലിക്കെട്ട് നിയമഭേദഗതി ബില്‍ തമിഴ്‌നാട് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കവേയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്. ശ്വാശത പരിഹാരം ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന സാഹചര്യത്തിലാണിത്
Also read ‘പെയ്ഡ് ന്യൂസ്’ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നിയമസഭാംഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സമരം വിജയിച്ച് ഇന്നലെ ജല്ലിക്കെട്ട് നടത്തിയ സാഹചര്യത്തില്‍ സമരക്കാര്‍ പിരിഞ്ഞ് പോകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. എന്നാല്‍ സമരക്കാര്‍ ഇതുവരെയും ഒഴിഞ്ഞു പോകാന്‍ തയ്യാറായിട്ടില്ല. എല്ലാവര്‍ഷവും ജല്ലിക്കെട്ട് നടത്താനാവശ്യമായ നിയമപരമായ സാഹചര്യം ഒരുക്കണമെന്ന ആവശ്യത്തിലാണ് സമരക്കാര്‍. ബീച്ചില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളടക്കമുള്ള സമരക്കാരെ പൊലീസ് വാഹനത്തില്‍ സ്ഥലത്ത് നിന്ന് നീക്കി വരികയാണ്.
പൊലീസിന്റെ നടപടികളോട് പകുതിയോളം സമരക്കാര്‍ സഹകരിച്ചുവെങ്കിലും ബാക്കിയുള്ളവര്‍ പിരിഞ്ഞ് പോകില്ലെന്ന ഉറച്ച നിലപാടിലാണ്. പൊലീസ് അടുത്തെത്തിയാല്‍ കടലില്‍ ചാടുമെന്ന് പറഞ്ഞ് കടലിന് സമീപത്തായി കൈകോര്‍ത്ത് നില്‍ക്കുകയാണിവര്‍. തീരസംരക്ഷണ സേനയും നാവിക സേനയും വ്യോമ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
1960ലെ തമിഴ്‌നാട് മൃഗപീഡനനിരോധനനിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ജല്ലിക്കെട്ട് ഭാവിയില്‍ നടത്താനുള്ള നിയമ തടസ്സങ്ങള്‍ ഒഴിവാക്കാനാണ് ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ഉദ്ദേശിക്കുന്നത്. ജല്ലിക്കട്ട് നടത്തുന്നതിനുള്ള ശാശ്വത പരിഹാരം ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് തന്നെയാണിത്. ഭാവിയില്‍ യാതൊരു തടസ്സങ്ങളും ഉണ്ടാകില്ലെന്ന ഉറപ്പില്‍ മാത്രമേ സമര രംഗത്ത് നിന്ന് പിന്നോട്ട് പോകൂ എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് തൃപ്തികരമാണെന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്.