| Friday, 4th October 2019, 10:31 pm

ജല്ലിക്കട്ട്; പ്രണയമില്ലാതെ ഭോഗിക്കുകയും പകയും പ്രതികാരവും അസൂയയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എന്ന മൃഗത്തിന്റെ കഥ

അശ്വിന്‍ രാജ്

‘ജീ ജീ ജീ ജീ ജീ ജീ…’ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോന്നിട്ടും ചെവിയില്‍ ഇങ്ങനെ മൂളുന്നുണ്ട് ഈ മുഴക്കം. ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തിനെ അടയാളപ്പെടുത്താനുള്ള സിനിമകളില്‍ ഒന്നായി ജല്ലിക്കട്ട് മാറും എന്ന കാര്യത്തില്‍ സംശയമില്ല.

ഒരു സിനിമ കാണുമ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരുപാട് ഘടകങ്ങള്‍ കാണും. സംവിധാന മികവ്, തിരക്കഥ, അഭിനേതാക്കളുടെ പ്രകടനം, ബി.ജി.എം, ഛായാഗ്രഹണം, സംഗീതം, ആര്‍ട്ട് വര്‍ക്ക് തുടങ്ങിയവ. എന്നാല്‍ ജല്ലിക്കട്ട് ഈ ഘടകങ്ങളുടെയെല്ലാം കൃത്യമായ ഒരു പാക്കേജാണ്.

ഒരു ഗ്രാമത്തില്‍ നിന്ന് കയറുപൊട്ടിച്ചോടുന്ന ഒരു നാല്‍ക്കാലി മൃഗവും അതിനെ പിടിക്കാനായി ഒടുന്ന ഇരുകാലി മൃഗങ്ങളുടെയും കഥ. ജല്ലിക്കട്ട് എന്ന സിനിമയെ ഒറ്റവാചകത്തില്‍ ഇങ്ങനെ ചുരുക്കാം.

കാലങ്ങളായി തുടരുന്ന സിനിമ രീതിയില്‍ പറയുകയാണെങ്കില്‍ ഈ സിനിമയില്‍ ഒരു നായകന്‍ എന്നൊന്നില്ല. പക്ഷേ ഒരു സംശയവും ഇല്ലാതെ പറയാന്‍ കഴിയും ഈ സിനിമയുടെ നായകന്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്’ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇത്. പ്രേക്ഷകര്‍ക്കും തിരിച്ച് അങ്ങോട്ടേക്ക് പറയാനുള്ളതും അത് തന്നെയാണ്.

അസാധ്യമെന്ന് തോന്നുന്ന തരത്തിലാണ് അദ്ദേഹം ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. പൊതുവെ ജനപ്രിയമായ നോവലുകളോ കഥകളോ സിനിമകളാകുമ്പോള്‍ ചില കല്ലുകടികള്‍ തോന്നാറുണ്ട്. പക്ഷേ ജല്ലിക്കട്ടിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു കല്ലുകടി അനുഭവപ്പെട്ടില്ല. കഥാകാരന്‍ തന്നെ തിരക്കഥാകൃത്ത് ആയത് കൊണ്ടുള്ള ഗുണങ്ങളിലൊന്നായിരിക്കാം അത്.

ചിത്രത്തിന്റെ ആരംഭ ഷോട്ടുമുതല്‍ ഡയറക്ടര്‍ ബ്രില്ല്യന്‍സ് കാണിക്കുന്നുണ്ട്. ഒരു മലയോര ഗ്രാമത്തിലെ ഒരു ഞായറാഴ്ച ദിവസത്തിലാണ് സിനിമ ആരംഭിക്കുന്നത്. അദ്യ പത്തുമിനിറ്റില്‍ തന്നെ സിനിമയിലേക്ക് പ്രേക്ഷകരെയും എത്തിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. ചിത്രത്തിലെ ക്ലൈമാക്‌സ് ഷോട്ട് ഒരു പക്ഷേ ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ്മാന് മാത്രം കഴിയുന്ന ഒന്നാണ് എന്ന് പറയേണ്ടി വരും. സംവിധായകന്റെ ഭാഷ തന്നെ കടം എടുക്കുകയാണെങ്കില്‍ ഈ ചിത്രത്തില്‍ പോത്താണ് പ്രധാന കഥാപാത്രം. മറ്റുള്ള എല്ലാ കഥാപാത്രങ്ങളും സഹ കഥാപാത്രങ്ങളാണ്.

സിനിമയില്‍ ഏറ്റവും അത്ഭുതപ്പെടുത്തിയത് സാബുമോനാണ്. തമാശകള്‍ കൈകാര്യം ചെയ്യുന്ന സാബുമോനെയാണ് പലപ്പോഴും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും കണ്ടിട്ടുള്ളത്. പക്ഷേ ജല്ലിക്കട്ടിലെ കുട്ടിച്ചന്‍ തീര്‍ത്തും വ്യത്യസ്ഥനാണ്. പകയും പ്രതികാരവും കാമവും പ്രണയവും എല്ലാം അയാളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സംഘട്ടന രംഗങ്ങളില്‍ അസാധ്യ മെയ് വഴക്കമാണ് അയാള്‍ കാണിച്ചത്.

ആന്റണി വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രമായ ആന്റണിയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാട് കാലമായി അധിക്ഷേപവും കളിയാക്കലും കുറ്റപ്പെടുത്തലും നേരിടുന്ന പകയും പ്രണയവും കൊണ്ട് നടക്കുന്ന ഒരു വ്യക്തി. അയാള്‍ക്ക് തടസമാവുന്ന എന്തും അയാള്‍ ചതിയിലൂടെയെങ്കിലും ഇല്ലാതാക്കും. ചെമ്പന്‍വിനോദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രഹകനെ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് ജല്ലിക്കട്ട്. അതിശയിപ്പിക്കുന്ന ക്യാമറ വര്‍ക്കാണ് ഗിരീഷ് ജല്ലിക്കട്ടില്‍ നടത്തിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ഓടിച്ചതിനേക്കാള്‍ കൂടുതല്‍ ഗിരീഷിനെ ലിജോ ഈ ചിത്രത്തില്‍ ഓടിച്ചിട്ടുണ്ട്. ഫിക്‌സഡ് ഫ്രൈമുകള്‍ വളരെ കുറച്ചാണ് ഈ ചിത്രത്തില്‍ ഉള്ളത്. പലതും സിംഗിള്‍ ഷോട്ടാണ്. അസാധ്യമെന്ന് പറയാവുന്ന തരത്തിലാണ് ഷോട്ടുകളില്‍ ഏറിയ പങ്കും. രാത്രിയുടെ നിഗൂഢതയും മനോഹാരിതയും ഗിരീഷിന്റെ ക്യാമറയിലൂടെ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. സ്‌ക്രീനില്‍ പോത്തിന് പുറകെ പ്രേക്ഷകനെയും കൊണ്ട് ഓടിക്കാന്‍ ഗിരീഷിന് കഴിയുന്നുണ്ട്.

ക്ലൈമാക്‌സിലെ ഷോട്ടുകള്‍ ഒക്കെ എങ്ങിനെയായിരിക്കും ഗിരീഷ് ചിത്രീകരിച്ചതെന്ന് സിനിമ കണ്ടിറങ്ങിയപ്പോഴും അത്ഭുതത്തോടെ ആലോചിച്ചത്. എടുത്ത് പറയേണ്ട മറ്റ് മൂന്ന് വ്യക്തികള്‍ എഡിറ്റര്‍ ദീപു ജോസഫും സംഗീതസംവിധായകന്‍ പ്രശാന്ത് പിള്ളയും ശബ്ദ മിശ്രണം നടത്തിയ രംഗനാഥ് രവിയുമാണ്.

സിനിമയില്‍ ചില രംഗങ്ങളില്‍ ഹൃദയ താളം പോലും പശ്ചാത്തല സംഗീതമാകുന്നുണ്ട്. ശബദങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഈ ചിത്രത്തിലുണ്ട്. പ്രശാന്തിന്റെ സംഗീതവും രംഗനാഥിന്റെ ശബ്ദമിശ്രണവും കൂടി ചേരുമ്പോള്‍ പ്രേക്ഷകന് ലഭിക്കുന്നത് അസാമാന്യമായ ഒരു അനുഭവമാണ്.

മറ്റൊരാള്‍ ഡി.ഐ ചെയ്ത ജയദേവ് ആണ്. ചിത്രത്തിലെ ബഹുഭൂരിപക്ഷം സീനുകളും രാത്രിയിലാണ് ഉള്ളത്. രാത്രിയില്‍ ഏലകാടുകളില്‍ നിന്ന് കാണുന്ന് ആളുകളുടെ ടോര്‍ച്ച് വെളിച്ചത്തിന്റെ ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇത്തരത്തില്‍ രാത്രിയുടെ മനോഹാരിതയും ഭീകരതയും സ്്ക്രീനില്‍ കൂടുതല്‍ മിഴിവോടെ പ്രേക്ഷകന് അനുഭവപ്പെടുത്താന്‍ ജയദേവിന്റെ കളറിംഗും വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്.

എങ്കിലും സിനിമയുടെ അവസാന ഭാഗത്തിന് ശേഷം ഉള്ള സീനിന്റെ അവശ്യം ഉണ്ടായിരുന്നോ എന്ന് മാത്രമാണ് വ്യക്തിപരമായി തോന്നിയത്. ചുരുക്കി പറഞ്ഞാല്‍ ലോക സിനിമയ്ക്ക് മുന്നില്‍ മോളിവുഡ് എന്നുവിളിക്കുന്ന മലയാള സിനിമയുടെ ഉത്തരമാണ് ജല്ലികട്ട്.

പ്രണയമില്ലാതെ ഭോഗിക്കുകയും പകയും പ്രതികാരവും അസൂയയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എന്ന മൃഗത്തിന്റ കഥ അതാണ് ജല്ലിക്കട്ട്

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more