ജല്ലിക്കെട്ട് ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി : യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
Daily News
ജല്ലിക്കെട്ട് ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി : യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2017, 11:38 am

tamilnadu-assembly

ചെന്നൈ: ജല്ലിക്കട്ട് ബില്‍ തമിഴ്‌നാട് നിയമസഭയില്‍ പാസ്സാക്കി. പ്രത്യേക സെഷനിലാണ് ബില്‍ പാസ്സാക്കിയത്. നിയമസഭാ സമ്മേളം ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്.

ഇനി രാഷ്ട്രപതിയും ഗവര്‍ണറും ഈ ബില്ല് അംഗീകരിച്ചാല്‍ ജല്ലിക്കെട്ട്ബില്‍ നിയമമാകും. എന്നാല്‍ പെറ്റയുള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ ബില്‍ നിയമക്കുരുക്കിലാവും. ഇത് മുന്നില്‍കണ്ടുകൊണ്ടാണ്  ജല്ലിക്കെട്ട് കേസില്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ വിധി പറയരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍സുപ്രീം കോടതിയെ സമീപിച്ചത്.

മൃഗക്ഷേമ ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയില്‍ തടസ്സവാദമുന്നയിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായാണ് പ്രക്ഷോഭം പിന്‍വലിച്ച സമരക്കാര്‍ വ്യക്തമാക്കുന്നത്.


ഓര്‍ഡിനന്‍സിനു പകരമായി നിയമ നിര്‍മാണം നടത്തുമെന്ന മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉറപ്പു നല്‍കിയിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണ് ബില്ലിലുള്ളത്. തമിഴ്‌നാട്ടില്‍ മാത്രമേ ഈ ഭേദഗതിക്കു പ്രാബല്യമുണ്ടാകൂ.

തമിഴ്‌നാടിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും നാടന്‍ കാളകളുടെ ഇനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള ജെല്ലിക്കെട്ടിന്റെ പങ്കും കണക്കിലെടുത്താണു നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം രണ്ടാം യു.പി.എ സര്‍ക്കാരിന്റെ നടപടികളാണ് ജെല്ലിക്കെട്ട് നിരോധനത്തിന് വഴിവെച്ചതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനുനേരെ പല സ്ഥലങ്ങളിലും ചെറുത്തുനില്‍പ്പ് തുടരുകയാണ്. ചെന്നൈ മറീന ബീച്ചില്‍നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി സമരക്കാര്‍ രംഗത്തെത്തി.

ബലം പ്രയോഗിച്ചു പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കടലില്‍ച്ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കിയതോടെ പൊലീസ് സമവായത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സമരക്കാര്‍ അതിനുവഴങ്ങാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം. മറീനാ ബീച്ചിലേക്കു വന്നവരെ വിരട്ടിയോടിച്ചു. ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്. 75% പേരെയും ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മറീനാ ബീച്ചില്‍ രാവിലെതന്നെ പൊലീസ് ഉദ്യോഗസ്ഥരെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുകയും ഇന്നു നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യവും വിശദീകരിച്ചു. സമരം വിജയിച്ചെന്നും പിരിഞ്ഞുപോകണമെന്നുമുള്ള അഭ്യര്‍ഥന സമരക്കാര്‍ തള്ളിയതോടെയാണു പൊലീസ് നടപടി തുടങ്ങിയത്.