| Thursday, 3rd October 2019, 6:19 pm

ജല്ലിക്കട്ട് മുതല്‍ അസുരന്‍ വരെ; നാളെ ഇറങ്ങുന്നത് അഞ്ചു സിനിമകള്‍; ജോക്കറിനും വാറിനും സെയ്‌റക്കും മികച്ച പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നാളെ നിര്‍ണായക ദിവസമാണ്. ജല്ലികട്ട് മുതല്‍ അഞ്ചു സിനിമകളാണ് നാളെ മാത്രം തിയേറ്ററുകളില്‍ എത്തുന്നത്. രണ്ട് ദിവസം മുമ്പ് ഒക്ടോബര്‍ രണ്ടിന് ഇറങ്ങിയ മൂന്ന് അന്യഭാഷ ചിത്രങ്ങള്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ ഉണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട്, കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടല്‍, ജിബു ജേക്കബിന്റെ ആദ്യ രാത്രി, എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി, വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്നിവയാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ജല്ലിക്കട്ട്

2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജല്ലിക്കെട്ട്. ചിത്രം ഒക്ടോബര്‍ നാലിന് തിയേറ്ററുകളില്‍ എത്തും. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തരംഗം ഫെയിം ശാന്തിയാണ് നായിക. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

‘ജല്ലിക്കെട്ട്’ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 2 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. ഒക്ടോബര്‍ 3നും 5നും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ജല്ലിക്കെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പ്രണയമീനുകളുടെ കടല്‍

അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പ്രധാന പശ്ചാത്തലമായി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍.

വിനായകനെയും ദിലീഷ് പോത്തനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥകൃത്ത് ജോണ്‍പോളാണ്. കടലില്‍ സ്രാവിനെ പിടിക്കുന്നയാളായാണ് വിനായകന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു. 1988ല്‍ ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്’ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകനും ദിലീഷ് പോത്തനും പുറമേ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ്. ദിനേഷ്.

വികൃതി

ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വികൃതി. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

സുരഭിയാണ് സുരാജിന്റെ നായികയാവുന്നത്. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു.

ചിത്രത്തില്‍ സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. പുതുമുഖം വിന്‍സിയാണ് ചിത്രത്തിലെ നായിക. ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കട്ട് 2 ക്രിയേറ്റീവ് പിക്ചേഴ്സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍ , ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ബിയാണ് ഛായാഗ്രഹണം.അജീഷ് പി.തോമസ്സ് കഥയെഴുതി തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, അനൂപ് എന്നിവരാണ്.

ആദ്യരാത്രി

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍- അജു വര്‍ഗീസ് – ജിബു ജേക്കബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ബിജു മേനോന്‍ നായകനാവുന്ന ഈ ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായിക.

ഒരു കല്യാണ ബ്രോക്കറായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത് .വിജയരാഘവന്‍,അജു വര്‍ഗീസ്,മാല പാര്‍വതി,ബിജു സോപാനം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ബാഹുബലി സോംഗ് ഏറെ ശ്രദ്ധി പിടിച്ചുപറ്റിയിരുന്നു.

ക്വീന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഷാരീസ്-ജെബിന്‍ ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ..സാദിഖ് കബീര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തത് ബിജിബാലാണ്.സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അസുരന്‍

വടചെന്നൈ, മാരി 2 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് അസുരന്‍. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം കൂടിയാണിത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളുണ്ടായിട്ടുണ്ട്.നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

ജി.വി പ്രകാശ് ആണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മിക്കുന്നത്. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കുന്നത്

ഇതിന് പുറമേ ഹോളിവുഡ് സിനിമ ജോക്കര്‍, ഹിന്ദി ചിത്രം വാര്‍, തെലുങ്ക് ചിത്രം സെയ്‌റാം നരസിംഹ റെഡ്ഢി തുടങ്ങിയ ചിത്രങ്ങള്‍ രണ്ട് ദിവസം മുമ്പേ തന്നെ ബോക്‌സോഫീസില് കുതിപ്പ് തുടങ്ങി. ഇത്രയും ചിത്രങ്ങള്‍ ഇറങ്ങുന്നതിനിടെ ചിത്രങ്ങള്‍ കാണാന്‍ ലോണ്‍ എടുക്കേണ്ടി വരുമോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഏറെ പ്രതിക്ഷയോടെയാണ് ഈ ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more