തിരുവനന്തപുരം: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദപ്രകടനം മാത്രം നടത്തിയാല്‍ പോരെന്നും മാപ്പ് പറയണമെന്നും ശശി തരൂര്‍ എം.പി. ജാലിയന്‍ വാലാബാഗില്‍ മാത്രമല്ല കോളനികാലത്തെ മുഴുവന്‍ തെറ്റുകള്‍ക്കും മാപ്പ് പറയണമെന്നും ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചത്.
ഇത് ആദ്യമായിട്ടായിരുന്നു ബ്രിട്ടന്‍ ജാലിയന്‍ വാലാബാഗ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത്. 1941 ലാണ് ബ്രിട്ടീഷ് സൈന്യം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടത്തിയത്.
അന്ന് നടന്നത് എന്തായാലും ആ ദുരന്തത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് തേരെസ മേ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ വ്യക്തവും സത്യസന്ധവുമായ മാപ്പപേക്ഷ വേണമെന്ന് തെരേസ മേയോട് ആവശ്യപ്പെട്ടു.
നേരത്തെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കൊലയ്ക്ക് മാപ്പു പറയണമെന്നാവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടണ്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ബ്രിട്ടണിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മയായിരുന്നു പ്രമേയം മേശപ്പുറത്തുവെച്ചത്.
1919 ഏപ്രില്‍ 13ലാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്.ഡയര്‍ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്.
ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ മരണമടഞ്ഞെന്നും ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റെന്നുമാണ് ഉളളത്. എന്നാല്‍ ഇതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.