തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കെ.ടി. ജലീല്‍ എം.എല്‍.എയെ പിന്തുണച്ച് മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചതെല്ലാം നൂറ് ശതമാനം സത്യമാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജലീലിനോട് ഇടതുപക്ഷ ബന്ധം വിശ്ചേദിച്ച് ജലീല്‍ തന്റെ കൂടെ പോരൂയെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
‘ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടതുപക്ഷ ബന്ധം വിശ്ചേദിച്ച് എന്റെ പാര്‍ട്ടിയില്‍ കൂടെ പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകണ്. ജലീല്‍ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം,’ പി.സി. ജോര്‍ജ് പറഞ്ഞു.
ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള കെ.ടി.ജലീലിന്റെ വിമര്‍ശനവും പരിഹാസവും തുടരുകയാണ്. ഔദ്യോഗിക ജീവിതത്തില്‍ സിറിയക് ജോസഫ് അലസനാണെന്നും കേസുകളില്‍ വിധി പറയാത്ത ന്യായാധിപനാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഏഴ് കേസില്‍ മാത്രമാണ് സിറിയക് ജോസഫ് വിധി പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അഭയാക്കേസില്‍ നാര്‍ക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശനം നടത്തിയെന്നും കഴിഞ്ഞ ദിവസം ജലീല്‍ ആരോപണമുന്നയിച്ചിരുന്നു. നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറന്‍സിക് ലാബ് ഡയറക്ടറുടെ മൊഴി ചേര്‍ത്തായിരുന്നു കഴിഞ്ഞ ദിവസത്തെ ജലീലിന്റെ കുറിപ്പ്.
മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നം ജലീല്‍ നേരത്തെ സിറിയക് തോമസിനെതിരെ ആരോപിച്ചിരുന്നു.
എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടിരുന്നു.
കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യ ഡോ. ജാന്‍സി ജെയിംസിന് മഹാത്മഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വാങ്ങി കൊടുത്തതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.
അതേസമയം, ലോകായുക്തക്കെതിരെയുള്ള കെ.ടി ജലീലിന്റെ ആക്ഷേപങ്ങള്‍ വ്യക്തിപരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ജലീല്‍ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമല്ല, വ്യക്തിയാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം അഭിപ്രായം പറഞ്ഞത്. ലോകായുക്തക്കെതിരെ ഉയരുന്ന അക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തില്‍ തന്നെയുണ്ട്. ജലീല്‍ ഉയര്‍ത്തിയ തരത്തിലുള്ള ആരോപണം സി.പി.ഐ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം പറഞ്ഞു.
Content Highlights: Jaleel, let’s fight here together:PC George backs KT Jaleel