തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കാനെത്തി.
കേസില്‍ ഏകപക്ഷീയമായ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് പരാതിയുമായി എത്തിയത്. അതേസമയം പരാതി തനിക്കല്ല നല്‍കേണ്ടതെന്നും കോട്ടയം എസ്.പിക്കാണെന്നും കാട്ടി ഡി.ജി.പി പ്രതിനിധിയായ ഫാ.പീറ്ററെ തിരിച്ചയച്ചതായാണ് സൂചന.
അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചന പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതി കന്യാസ്ത്രീ ആദ്യം ഉന്നയിച്ചത് സഭയിലാണെന്ന് കന്യാസ്ത്രീയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ജലന്തര്‍ മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ നേരില്‍ക്കണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
കൂടാതെ 2017 ജനുവരിയില്‍ തന്നെ കന്യാസ്ത്രീ മദര്‍ ജനറലിന് പരാതിയും കൊടുത്തിരുന്നു. പരാതിക്കാരിയുമായി മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.
എന്നാല്‍ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിലെ പ്രതികാരമാണ് കന്യാസ്ത്രീയുടെ പരാതി എന്നായിരുന്നു ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശദീകരണം.
ബിഷപ്പിന്റെ വാദത്തെ പിന്തുണച്ചും കന്യാസ്ത്രീയെ തള്ളി പറഞ്ഞ് മിഷനറീസ് ഓഫ് ജീസസ് സന്യാസി സമൂഹവും രംഗത്തെത്തിയിരുന്നു. സഭയില്‍ പോലും കന്യാസ്ത്രി പരാതി ഉന്നയിച്ചില്ലെന്നായിരുന്നു വാദം.