കൊന്തയേന്തിയ വിപ്ലവം; ഒടുവിൽ ഫ്രാങ്കോ അറസ്റ്റിൽ
എ പി ഭവിത

ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയുമായി കന്യാസ്ത്രീ നീതി തേടിയെത്തിയപ്പോള്‍ ആദ്യം വാതിലടച്ചത് സഭാനേതൃത്വം. പോലീസും ഒത്തുകളിക്കുന്നുവെന്ന സംശയത്തിലാണ് സഹനത്തിന്റെ പാതയില്‍ നിന്ന് സമരപാതയിലേക്ക് ഒരുകൂട്ടം കന്യാസ്ത്രീകള്‍ നീങ്ങിയത്. കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ്, ആ സമരത്തിന്റെ വിജയമാണ്. നീതി കിട്ടിയിട്ടേ മടങ്ങൂവെന്ന കന്യാസ്ത്രീകളുടെ ഉറച്ച തീരുമാനത്തിന്റെ ഫലം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും സമരത്തെ കണ്ടില്ലെന്ന് നടിച്ചെങ്കിലും കന്യാസ്ത്രീകള്‍ക്ക് വലിയ പിന്തുണയാണ് കേരളീയ സമൂഹം നല്‍കിയത്.

2014 മെയ് അഞ്ച് മുതല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. രൂപതയ്ക്ക കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വെചച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2016 വരെ പതിമൂന്ന് തവണ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

പരാതിക്കാരിയെ സ്വാധീനിക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്താനും അപകടപ്പെടുത്താനും ശ്രമം നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. വധിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കി. പിന്‍മാറാന്‍ തയ്യാറാവാതെ സമരവുമായി തെരുവിലേക്കിറങ്ങി.കന്യാസ്ത്രീയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് മിഷണറീസ് ഓഫ് ജീസസ് മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും നിയമത്തിന്റെ വഴിയിലൂടെയാണ് അവര്‍ നേരിട്ടത്.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.