| Sunday, 25th July 2021, 4:55 pm

അമ്മയുടെ ഏക കോമഡി പടമാണ് ഞാന്‍ ആദ്യം കണ്ടത്, ബാക്കിയെല്ലാം കണ്ടത് വൈകിയാണ്; ജലജയുടെ മകള്‍ ദേവി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികില്‍ അമ്മയായ ജലജക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദേവി. ചിത്രത്തില്‍ ജലജയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് മകള്‍ ദേവിയായിരുന്നു.

അമ്മയുടെ മറ്റ് സിനിമകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദേവി.

‘വളരെ വൈകിയാണ് അമ്മയുടെ സിനിമകള്‍ കണ്ടുതുടങ്ങിയത്. കാരണം ചെറിയ കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു അമ്മ നടിയാണെന്ന്. പിന്നീടാണ് മനസ്സിലായത്. നിങ്ങള്‍ വിചാരിക്കുന്ന അമ്മയുടെ പടങ്ങളൊന്നുമല്ല ഞാന്‍ ആദ്യം കണ്ടത്. അമ്മയുടെ ഏക കോമഡി പടമായ മണ്ടന്‍മാര്‍ ലണ്ടനില്‍ ആണ് ആദ്യം കണ്ട പടം,’ ദേവി പറയുന്നു.

അമ്മയുടെ സിനിമകളില്‍ പലതും പഠിക്കാനുള്ളവയാണെന്നും ദേവി പറഞ്ഞു.

മാലികില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് ജലജ എത്തുന്നതെങ്കിലും തന്റെ എല്ലാ സീനുകളും നടി കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തില്‍ ഫഹദിന്റെ അമ്മയായാണ് ജലജ അഭിനയിച്ചത്. സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകളും നടന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jalajas daughter Devi says about her mothers films

We use cookies to give you the best possible experience. Learn more