| Tuesday, 3rd August 2021, 9:14 am

ഡയലോഗുകളൊന്നും എനിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ല, പക്ഷേ അഭിനയം കണ്ട് ബാലചന്ദ്ര മേനോന്‍ ചേട്ടന്‍ വിളിച്ചു; ജലജ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെയ്ത വേഷങ്ങളെല്ലാം വ്യത്യസ്തമാക്കിക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് ജലജ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലൂടെ തിരിച്ചുവന്ന് ജലജ ചെയ്ത കഥാപാത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ജലജ. സംവിധായകന്‍ ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലേക്ക് നെടുമുടി വേണു പറഞ്ഞിട്ടാണ് താന്‍ എത്തിയതെന്ന് ജലജ പറയുന്നു.

‘പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഫാസില്‍ ഒരു നാടകം സംവിധാനം ചെയ്തു. അതില്‍ നെടിമുടി വേണുചേട്ടനും ഞാനുമുണ്ടായിരുന്നു. അതിനിടയിലാണ് വേണുചേട്ടന്‍ പറയുന്നത് ജി. അരവിന്ദന്‍ തമ്പ് എന്ന പേരില്‍ ഒരു സിനിമയെടുക്കുന്നുണ്ടെന്ന്. ഒരു ഫോട്ടോ തരൂ, നോക്കട്ടെ എന്നും പറഞ്ഞു. ഫോട്ടോ കൊടുത്തു അപ്പോഴും സിനിമ സ്വപ്‌നത്തിലേ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വേണുചേട്ടന്റെ കത്ത് കിട്ടുന്നത്.

സംവിധായകനെ കാണാന്‍ തിരുവനന്തപുരത്ത് എത്തണം. അങ്ങനെ ഞാനും അച്ഛനും അമ്മയും തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും എന്തോ ആവശ്യത്തിനായി അരവിന്ദേട്ടന്‍ ദല്‍ഹിയില്‍ പോയിരുന്നു. ഞങ്ങള്‍ തിരിച്ചുപോന്നു. പിന്നീട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുനാവായയില്‍ ഷൂട്ടിംഗ് തുടങ്ങുവാണ്, വരണമെന്ന് പറഞ്ഞ് വീണ്ടും വേണുച്ചേട്ടന്റെ കത്ത് വന്നു.

അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിച്ചത്. അതില്‍ എനിക്ക് ഡയലോഗുകളൊന്നും ഉണ്ടായിരുന്നില്ല. എക്‌സ്പ്രഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. തമ്പിലെ അഭിനയം കണ്ടിട്ടാണ് ബാലചന്ദ്ര മേനോന്‍ ചേട്ടന്‍ രാധ എന്ന പെണ്‍കുട്ടിയിലേക്ക് വിളിക്കുന്നത്. അതാണ് കൊമേഴ്‌സ്യല്‍ സിനിമകളിലേക്കുള്ള കാല്‍വെയ്പ്,’ ജലജ പറയുന്നു.

അതിന് ശേഷം ഒരുപാട് നല്ല വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ പറ്റിയെന്നും വേനലിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം കിട്ടിയെന്നും അഭിമുഖത്തില്‍ ജലജ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jalaja says about his first film

We use cookies to give you the best possible experience. Learn more