Entertainment news
സന്തോഷത്തില്‍ എന്റെയൊപ്പം ഉണ്ടായിരുന്ന കുട്ടിയാണ്, മൂന്നുമാസം കഴിഞ്ഞ് പത്രത്തിലാണ് ആത്മഹത്യയെക്കുറിച്ച് അറിയുന്നത്; ശോഭയുടെ മരണത്തിന്റെ ഓര്‍മകളില്‍ ജലജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 30, 12:17 pm
Friday, 30th July 2021, 5:47 pm

നടി ശോഭയുടെ ആത്മഹത്യ തന്നെ ഏറെ ഞെട്ടിച്ച സംഭവമാണെന്ന് പറയുകയാണ് നടി ജലജ. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തില്‍ ശോഭക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും ജലജ പങ്കുവെക്കുന്നു.

‘ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയുടെ സെറ്റ് ഇപ്പോഴും ഓര്‍മയുണ്ട്. കോഴിക്കോടായിരുന്നു ഷൂട്ടിംഗ്. ഒരു മാസത്തോളം നായിക ശേഭയും ഞാനും താമസിച്ചത് അളകാപുരി ഹോട്ടലിലും. ഷൂട്ടിംഗ് ഇല്ലാത്ത സമയത്തെല്ലാം കറങ്ങാന്‍ പോകും. ചില ഭാഗങ്ങള്‍ ഗുരുവായൂരപ്പന്‍ കോളേജിലാണ് ചിത്രീകരിച്ചിരുന്നത്. ഒരിക്കല്‍ ശോഭ പറഞ്ഞു. ഈ കാമ്പസ് ജീവിതം എത്ര രസകരമാണെന്ന്.

കോളേജില്‍ പോവാന്‍ പറ്റാത്തതിന്റെ വിഷമം ശോഭക്കുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ല. മൂന്നുമാസം കഴിഞ്ഞൊരു ദിവസം പത്രമെടുത്ത് നോക്കിയപ്പോഴാണ് ശോഭയുടെ ആത്മഹത്യയുടെ വാര്‍ത്ത അറിയുന്നത്. തകര്‍ന്നുപോയി. കാരണം അത്രയും സന്തോഷത്തില്‍ എന്റൊപ്പം ഉണ്ടായിരുന്ന കുട്ടിയാണ്,’ ജലജ പറഞ്ഞു.

ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേണു നാഗവള്ളിച്ചേട്ടന്റെ മുഖവും മനസ്സില്‍ തെളിയുമെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ജലജ പറയുന്നു.

‘വളരെ സോഫ്റ്റ് ആയിട്ടുള്ള മനുഷ്യനാണ് വേണു നാഗവള്ളിച്ചേട്ടന്‍. ഒരു കുഞ്ഞനുജത്തി എന്ന നിലയിലാണ് എന്നെ കണ്ടിരുന്നത്. അഭിനയിക്കുമ്പോഴെല്ലാം സഹായിക്കും. അതുപോലെത്തന്നെയാണ് നെടുമുടി വേണുച്ചേട്ടനും. പാടി അഭിനയിക്കുമ്പോള്‍ ഞാനൊട്ടും കംഫര്‍ട്ടബിളാവില്ല. അപ്പോഴൊക്കെ സ്വരങ്ങള്‍ പറഞ്ഞുതന്നും മറ്റും വേണുച്ചേട്ടനാണ് സഹായിക്കുന്നത്. അങ്ങനെ എത്രയെത്ര ഓര്‍മകള്‍,’ ജലജ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jalaja says about actress sobhas death