കൊച്ചി: താന്‍ ചെയ്തതില്‍ അധികവും ദു:ഖപുത്രി വേഷങ്ങളാണെന്നും മാലികിലെ കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് മഹേഷ് നാരായണന്‍ ആത്മവിശ്വാസം പകരുകയായിരുന്നുവെന്നും പറയുകയാണ് നടി ജലജ. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജലജയുടെ വെളിപ്പെടുത്തല്‍.
‘പൊതുവെ ഞാന്‍ ചെയ്തിട്ടുള്ളതെല്ലാം ദു:ഖപുത്രി വേഷങ്ങളാണ്. മഹേഷ് നാരായണന്‍ വന്ന് നിര്‍ബന്ധിച്ച്, ചേച്ചിയ്ക്ക് ഇത് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നതുകൊണ്ടാണ് അത് ചെയ്യാമെന്നേറ്റത്.
കുറച്ചേയുള്ളുവെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. കഥ മൊത്തം വായിച്ചുനോക്കിയപ്പോള്‍ ഗംഭീരസിനിമയാണെന്ന് തോന്നിയിരുന്നു. നല്ലതുപോലെ വര്‍ക്ക് ചെയ്യേണ്ട സിനിമ. മഹേഷും ടീമും കഠിനാധ്വാനം ചെയ്തതിന്റെ മികവ് സിനിമയില്‍ കാണാനുമുണ്ട്,’ ജലജ പറഞ്ഞു.
മാലികില്‍ ഫഹദിന്റെ കഥാപാത്രത്തിന്റെ അമ്മയായ ജമീല എന്ന വേഷമാണ് ജലജ ചെയ്തത്.
സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.
വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Jalaja About Malik Movie