വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കായുള്ള സൗത്ത് സോണ്‍ ടീമില്‍ നിന്നും കേരള താരം ജലജ് സക്‌സേനയെ ഒഴിവാക്കിയതില്‍ ആരാധകരുടെ പ്രതിഷേധം കനക്കുന്നു. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും സെലക്ടര്‍മാര്‍ അദ്ദേഹത്തെ തഴയുകയായിരുന്നു.
ഏഴ് മത്സരത്തില്‍ നിന്നും 50 വിക്കറ്റുമായാണ് ജലജ് തിളങ്ങിയത്. ദുലീപ് ട്രോഫിക്കുള്ള ടീമില്‍ താരം ഉറപ്പായും ഇടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജലജിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ ഒന്നാകെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചത്.
തന്നെ തഴഞ്ഞതില്‍ പ്രതികരണവുമായ ജലജ് സക്‌സേനയും എത്തിയിരുന്നു. ഇത്രയും വിക്കറ്റ് നേടിയ താരത്തെ ഇതിന് മുമ്പ് ടീമില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നാണ് ട്വിറ്ററിലൂടെ ജലജ് ചോദിച്ചത്.
‘രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരത്തെ ദുലീപ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു സംഭവം മുമ്പ് ഉണ്ടായിട്ടുണ്ടോ? അറിയാന്‍ ആഗ്രഹമുണ്ട്. ആരെയും കുറ്റപ്പെടുത്തുകയല്ല,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ജലജിനെ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കണമെന്നും ടീമില്‍ ഇടം നേടാന്‍ ഇവന്‍ ഇനിയെന്താണ് ചെയ്യേണ്ടെതെന്നും ആരാധകര്‍ ചോദിക്കുന്നു.
Highest wicket taker in Ranji trophy in India( Elite Group) didn’t get picked in Duleep trophy. Can you please check whether it has ever happened in the Indian Domestic history? Just wanted to know. Not blaming anyone 🙏 https://t.co/Koewj6ekRt
വിക്കറ്റ് നേട്ടം മാത്രമായിരുന്നില്ല, റണ്‍സ് വഴങ്ങാതെ പന്തെറിയാനും ഈ വലംകയ്യന്‍ ഓഫ് ബ്രേക്കര്‍ മിടുക്കനായിരുന്നു. 2.75 ആണ് കഴിഞ്ഞ സീസണിലെ താരത്തിന്റെ എക്കോണമി.
ബൗളിങ്ങില്‍ മാത്രമല്ല, ബാറ്റിങ്ങിലും താരം തന്റെ പ്രതിഭ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ കളിച്ച 133 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നുമായി 6567 റണ്‍സാണ് താരം നേടിയത്. 34.74 എന്ന ആവറേജില്‍ റണ്‍സടിച്ചുകൂട്ടിയ ജലജിന്റെ ഉയര്‍ന്ന സ്‌കോര്‍ 194 ആണ്.
410 വിക്കറ്റുകളാണ് കരിയറില്‍ താരം വീഴ്ത്തിയത്. ഇതിന് പുറമെ 14 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും ജലജിന്റെ പേരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും മികച്ച രീതിയില്‍ മികവ് പുലര്‍ത്തിയിട്ടും നാഷണല്‍ ടീമിലേക്ക് വിളിയെത്താതെ പോയ താരമാണ് ജലജ്.
ജലജിന് പുറമെ തമിഴ്‌നാട് താരം ബാബ ഇന്ദ്രജിത്തിനും ദുലീപ് ട്രോഫിക്കുള്ള ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ ദിനേഷ് കാര്‍ത്തിക് അടക്കമുള്ളവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.