| Thursday, 7th November 2024, 6:58 pm

ഇവന്‍ കൊടുങ്കാറ്റല്ല കേരളത്തിന്റെ ചുഴലിക്കാറ്റാണ്; രഞ്ജി ട്രോഫിയില്‍ വമ്പന്‍ റെക്കോഡുമായി ജലജ് സക്‌സേന

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് കേരളം കളത്തിലിറങ്ങിയിരിക്കുന്നത്. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ കേരളം ഉത്തര്‍പ്രദേശിനെ ഓള്‍ ഔട്ടാക്കിയാണ് കേരളം കരുത്ത് കാട്ടിയത്. ആദ്യ ഇന്നിങ്‌സില്‍ വെറും 162 റണ്‍സ് മാത്രമാണ് ഉത്തര്‍പ്രദേശിന് കണ്ടെത്താന്‍ സാധിച്ചത്. നിലവില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ കേരളം 178 റണ്‍സിന്റെ മികച്ച ലീഡിലാണ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 എന്ന സ്‌കോറാണ് കേരളം സ്വന്തമാക്കിയത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ ബൗളിങ് കരുത്തിലാണ് യു.പി തകര്‍ന്നടിഞ്ഞത്. രണ്ട് മെയ്ഡന്‍ അടക്കം 17 ഓവര്‍ പന്തെറിഞ്ഞ് വെറും 56 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയാണ് ജലജ് തിളങ്ങിയത്.

ജലജ് സക്‌സേന സ്വന്തമാക്കിയ തകര്‍പ്പന്‍ റെക്കോഡ്

ഇതോടെ രഞ്ജി ട്രോഫിയില്‍ ഒരു കിടിലന്‍ റെക്കോഡ് നേടാനും സക്‌സേനയ്ക്ക് സാധിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫി 6000 റണ്‍സും 400 വിക്കറ്റും പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് കേരളത്തിന്റെ ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേന സ്വന്തമാക്കിയത്.

2016 മുതല്‍ കേരളത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച താരമാണ് ഓഫ് സ്പിന്നര്‍ ജലജ്. ഇന്‍ഡോറില്‍ നിന്നുള്ള താരത്തിന് ഉത്തര്‍പ്രദേശിന്റെ നിതീഷ് റാണിയുടെ വിക്കറ്റ് വീഴ്ത്തി അഞ്ച് വിക്കറ്റ് നേടാനും, 400 രഞ്ജി ട്രോഫി വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും സാധിച്ചിരിക്കുകയാണ്. രഞ്ജിയില്‍ 400 വിക്കറ്റുകളില്‍ മാത്രം നേടുന്ന പതിമൂന്നാമത്തെ താരമാണ് ജലജ്.

എന്നാല്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും അമ്പരപ്പിച്ച താരം കേരളത്തിന് ഒരു മുതല്‍ക്കൂട്ടാണ്. പുതിയ സീസണിലെ തകര്‍പ്പന്‍ ബൗളിങ് പ്രകടനങ്ങള്‍ തന്നെയാണ് വേറിട്ട് നിര്‍ത്തുന്നത്. സീസണില്‍ താരത്തിന്റെ രണ്ടാമത്തെ ഫൈഫറാണിത്.

120 രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് 29 ഫൈഫര്‍ വിക്കറ്റുകളും 13 സെഞ്ച്വറിയും 30 സെഞ്ച്വറിയും സക്‌സേന നേടിയിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ 9000 റണ്‍സും 600 വിക്കറ്റുകളും പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും താരമുണ്ട്.

ഉത്തര്‍ പ്രദേശിന്റെ ബാറ്റിങ് തകര്‍ച്ച

പ്രതീക്ഷിച്ച തുടക്കമല്ല ഉത്തര്‍പ്രദേശിന് ലഭിച്ചത്. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിനെ മടക്കി ജലജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 57 പന്തില്‍ 23 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെയെത്തിയ പ്രിയം ഗാര്‍ഗ് വെറും ഒറ്റ റണ്‍സ് നേടി മടങ്ങി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി കേരള ബൗളര്‍മാര്‍ തിളങ്ങി.

മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും വലഞ്ഞപ്പോള്‍ പത്താം നമ്പറില്‍ ക്രീസിലെത്തി ചെറുത്തുനിന്ന ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 30 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി ഫൈഫര്‍ നേട്ടം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍, മഹാദേവ് കൗശിക്, നിതീഷ് റാണ, സിദ്ധാര്‍ത്ഥ് യാദവ്, പിയൂഷ് ചൗള എന്നിവരുടെ വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ജലജിന് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി. ബാബ അപരാജിത്, ആദിത്യ സര്‍വാതെ, ആസിഫ് കെ.എം. എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ബാറ്റിങ് പ്രകടനം

ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദ് 23 റണ്‍സിനും രോഹന്‍ കുന്നുമ്മല്‍ 28 റണ്‍സിനും പുറത്തായപ്പോള്‍ മധ്യ നിരയില്‍ നിന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ കര കയറ്റിയത്. 165 പന്തില്‍ നിന്ന് 83 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണ്‍ ബാറ്റര്‍ ബാബ അപരാജിത് 32 റണ്‍സ് നേടിയാണ് രൂടാരം കയറിയത്. വിക്കറ്റ് വേട്ടക്കാരന്‍ ജലജ് 77 പന്തില്‍ 35 റണ്‍സ് നേടിയാണ് പുറത്തായത്. നിലവില്‍ ക്രീസില്‍ തുടരുന്നത് 74 റണ്‍സ് നേടിയ സല്‍മാന്‍ നിസാറും 11 റണ്‍സ് നേടിയ അസറുദ്ദീനുമാണ്.

Content Highlight: Jalaj Saxena In Great Record Achievement In Ranji Trophy

We use cookies to give you the best possible experience. Learn more