Sports News
കേരളക്കാരനല്ലാത്ത കേരളക്കാരന്‍, സെമി ഫൈനലില്‍ വെടിച്ചില്ല് മൈല്‍ സ്‌റ്റോണുമായി ജലജ് സക്‌സേന; രഞ്ജി ട്രോഫിയില്‍ ഇനി ഫൈനല്‍ പൂരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 21, 11:53 am
Friday, 21st February 2025, 5:23 pm

74 വര്‍ഷത്തെ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലിലെത്തിയിരിക്കുകയാണ്.

അവസാന ദിവസം മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിനാല്‍ കേരളം രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയിരിക്കുകയാണ്. 116 റണ്‍സിന്റെ ലീഡ് നേടിയാണ് കേരളം സെക്ഷന്‍ അവസാനിപ്പിച്ചത്.

 

അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ത്രില്ലിങ് മൊമന്റിനാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

സ്‌കോര്‍

കേരളം: 457& 114/ 4

ഗുജറാത്ത്: 455

മത്സരത്തിലെ നിര്‍ണായകമായ അവസാന ദിനത്തില്‍ കേരളം നേടിയ 457 റണ്‍സ് മറികടക്കാന്‍ സാധിക്കാതെ 455 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഗുജറാത്ത്. അവസാന വിക്കറ്റില്‍ നഗ്വസ്വാല ഗുജറാത്തിനെ ലീഡിലേക്ക് നയിക്കാന്‍ മിഡ് വിക്കറ്റിലേക്ക് ആഞ്ഞടിച്ചപ്പോള്‍ ഷോട്ട് ലെഗ് സ്ലിപ്പിലുണ്ടായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി പന്ത് സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 32 റണ്‍സിന് പുറത്തായപ്പോള്‍ അക്ഷയ് ചന്ദ്രന്‍ ഒമ്പത് റണ്‍സിനും വരുണ്‍ നായനാര്‍ ഒരു റണ്‍സിനും പുറത്തായി. തുടര്‍ന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 10 റണ്‍സിനും കൂടാരം കയറി. ജലജ് സക്സേനയും 37* അഹമ്മദ് ഇമ്രാനുമാണ് 14* കേരളത്തിന് വേണ്ടി അവസാന ഘട്ടം ക്രീസില്‍ നിന്നത്.

കേരളത്തിന് വേണ്ടി 37* റണ്‍സ് നേടിയതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും കേരളക്കാരനല്ലാത്ത ജലജിന് സാധിച്ചിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മധ്യപ്രദേശ് താരത്തിന് 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സാധിച്ചത്. നിലവില്‍ 7032 റണ്‍സാണ് ജലജ് സക്‌സേന നേടിയത്. മാത്രമല്ല ഫസ്റ്റ് ക്ലാസില്‍ 482 വിക്കറ്റുകള്‍ നേടാനും ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം രഞ്ജി ട്രോഫി ഫൈനലില്‍ കോരളത്തിന്റെ എതിരാളികള്‍ വിദര്‍ഭയാണ്. രണ്ടാം സെമിയില്‍ ഡിഫന്റിങ് ചാമ്പ്യന്‍മാരായ മുംബൈയെ 80 റണ്‍സിന് തകര്‍ത്താണ് വിദര്‍ഭ ഫൈനലിലെത്തിയത്.

വിദര്‍ഭ : 323 & 292

മുംബൈ : 270325 (T: 406)

ഇനി ആവേശം ഫൈനല്‍ മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി 26ന് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. എന്ത് സംഭവിച്ചാലും തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം ഫൈനല്‍ മത്സരത്തിന് തയ്യാറാകുന്നത്.

Content Highlight: Jalaj Saxena In Great Record Achievement In First Class Cricket