ഐതിഹാസിക റെക്കോഡില്‍ സെലക്ടര്‍മാര്‍ കാണാത്ത കേരള താരം; ചരിത്രനേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ മൂന്നാമന്‍
Sports News
ഐതിഹാസിക റെക്കോഡില്‍ സെലക്ടര്‍മാര്‍ കാണാത്ത കേരള താരം; ചരിത്രനേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ മൂന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th January 2024, 1:08 pm

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ഐതിഹാസിക നേട്ടവുമായി കേരളത്തിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേന. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിന് മുമ്പ് രണ്ടേ രണ്ട് താരങ്ങള്‍ മാത്രം സ്വന്തമാക്കിയ ചരിത്രനേട്ടമാണ് ജലജ് ഇപ്പോള്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 9,000 റണ്‍സും 600 വിക്കറ്റും പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടമാണ് ജലജ് തന്റെ പേരില്‍ കുറിച്ചത്. ഇതിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വിനൂ മങ്കാദും മദന്‍ലാലും മാത്രമാണ് ഈ നേട്ടം തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.

ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി-20 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നുമാണ് ജലജ് ഈ ഹിസ്‌റ്റോറിക് ഡബിള്‍ തന്റെ പേരിന് നേരെ കുറിച്ചത്. രഞ്ജിയില്‍ ഉത്തര്‍പ്രദേശിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ സമര്‍ത്ഥ് സിങ്ങിനെ പുറത്താക്കിയതിന് പിന്നാലെയാണ് ജലജ് ഈ നേട്ടം സ്വന്തമാക്കിയത്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ 133 മത്സരത്തിലെ 211 ഇന്നിങ്‌സില്‍ നിന്നും 94.74 ശരാശരിയില്‍ 6,567 റണ്‍സാണ് ജലജ് നേടിയത്. 14 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയുമാണ് ഫസ്റ്റ് ക്ലാസില്‍ ജലജിന്റെ പേരിലുള്ളത്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ ബൗളിങ്ങിലേക്ക് വരുമ്പോള്‍ 411 വിക്കറ്റുകളാണ് ജലജ് തന്റെ പേരില്‍ കുറിച്ചത്. കരിയറില്‍ 28 തവണ അഞ്ച് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ച ജലജ് 13 തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 2.74 എക്കോണമിയില്‍ പന്തെറിയുന്ന താരം 36 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ലിസ്റ്റ് എയിലെ 90 ഇന്നിങ്‌സില്‍ നിന്നും 2,035 റണ്‍സാണ് ജലജ് നേടിയത്. മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ലിസ്റ്റ് എ-യില്‍ പന്തെറിഞ്ഞ 94 മത്സരത്തില്‍ നിന്നും 117 വിക്കറ്റാണ് കേരള ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്. 29.88 ശരാശരിയില്‍ പന്തെറിയുന്ന ജലജിന്റെ മികച്ച പ്രകടനം 7/41 ആണ്.

ടി-20 ഫോര്‍മാറ്റില്‍ 661 റണ്‍സും 72 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

ബാറ്റിങ് പ്രകടനം

(ഫോര്‍മാറ്റ് – മാച്ച് – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി – സെഞ്ച്വറി – അര്‍ധ സെഞ്ച്വറി എന്നീ ക്രമത്തില്‍)

ഫസ്റ്റ് ക്ലാസ് – 133 – 211 – 6,567 – 34.74 – 14 – 35

ലിസ്റ്റ് എ – 104 – 90 – 2,035 – 25.75 – 3 – 7

ടി-20 – 70 – 51 – 661- 16.52 – 0 – 1

 

ബൗളിങ് പ്രകടനം

(ഫോര്‍മാറ്റ് – മത്സരം – ഇന്നിങ്‌സ് – വിക്കറ്റ് – ഇന്നിങ്‌സിലെ മികച്ച ബൗളിങ് പ്രകടനം – മാച്ചിലെ മികച്ച ബൗളിങ് പ്രകടനം – ഫോര്‍ഫര്‍ – ഫൈഫര്‍ എന്നീ ക്രമത്തില്‍)

ഫസ്റ്റ് ക്ലാസ് – 133 – 219 – 411 – 8/36 16/154 – 13 – 28

ലിസ്റ്റ് എ – 104 – 94 – 117 – 7/41 –  7/41 –  3  – 1

ടി-20 – 70 – 62 – 72 – 5/16 –  5/16 –  2 –  2

 

അതേസമയം, ഇപ്പോള്‍ നടക്കുന്ന മത്സരത്തിലും ജലജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ആദ്യ ഇന്നിങ്‌സില്‍ 23.4 ഓവറില്‍ 2.75 എന്ന മികച്ച 65 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. രണ്ട് വിക്കറ്റും ജലജ് സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Jalaj Saxena completes 9,000 runs and 600 wickets in professional cricket