ആറ് സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ചാ മുന്നറിയിപ്പ്; ജലദൗര്‍ലഭ്യത മാധ്യമസൃഷ്ടിയെന്ന് പുതിയ ജല്‍ശക്തി മന്ത്രി
national news
ആറ് സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ചാ മുന്നറിയിപ്പ്; ജലദൗര്‍ലഭ്യത മാധ്യമസൃഷ്ടിയെന്ന് പുതിയ ജല്‍ശക്തി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 8:40 pm

ന്യൂദല്‍ഹി: രാജ്യത്തെ പടിഞ്ഞാറന്‍ മേഖലയില്‍ വരള്‍ച്ച സമാനമായ ദുരിതം നേരിടുമ്പോള്‍ ജലദൗര്‍ലഭ്യത വെറും മാധ്യമ സൃഷ്ടിയാണെന്ന പ്രതികരണവുമായി പുതുതായി പദവിയേറ്റെടുത്ത കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര ശെഖാവത്ത്. രാജ്യത്ത് ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും ശെഖാവത്ത് പറഞ്ഞു.

‘ഉത്തരഭാഗത്തും, ഹിമാചലിലും മറ്റു സ്ഥലങ്ങളിലും ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്. ജലപ്രതിസന്ധിയുണ്ടെന്ന ഭീതി പടര്‍ത്തുന്നത് മാധ്യമങ്ങളാണ്’ മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 18ന് കേന്ദ്ര ജലക്കമ്മീഷനാണ് ജലം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നത്.

റിസര്‍വോയറുകളില്‍ വെള്ളത്തിന്റെ അളവ് കഴിഞ്ഞ പത്തു വര്‍ഷത്തെ ലൈവ് വാട്ടര്‍ സ്റ്റോറേജ് ശരാശരിയുടെ 20 ശതമാനത്തില്‍ കുറവ് വരുമ്പോഴാണ് വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കുക. സ്റ്റേറ്റ് ലിസ്റ്റിന് കീഴിലാണ് വെള്ളം വരുന്നത്, കുടിവെള്ളാവശ്യത്തിന് മാത്രമേ റിസര്‍വോയറുകളിലെ വെള്ളം ഉപയോഗിക്കാവൂ എന്നും ഡാമുകള്‍ നിറഞ്ഞതിന് ശേഷമേ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മുന്നറിയിപ്പ് പറയുന്നുണ്ട്.

രാജ്യത്തെ പ്രധാന 91 റിസര്‍വോയറുകളിലെ വെള്ളത്തിന്റെ അളവ് ജലക്കമ്മീഷന്റെ നിരീക്ഷണത്തിലാണുണ്ടാവുക. കഴിഞ്ഞ മാസം വന്ന കണക്കുകള്‍ പ്രകാരം സംഭരിച്ച ജലത്തിന്റെ അളവ് 35.99 ബില്ല്യണ്‍ ക്യുബിക് മീറ്ററാണ്. ഇത് റിസര്‍വോയറുകളുടെ മൊത്തം സംഭരണ ശേഷിയുടെ 22 ശതമാനമാണ്. 91 റിസര്‍വോയറുകളുടെയും ആകെ സംഭരണ ശേഷി 161.993 ബില്ല്യണ്‍ ക്യുബിക് മീറ്ററാണ്.

മറാത്ത്‌വാഡയിലെ 45 പ്രധാന ഡാമുകളില്‍ ജലത്തിന്റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞ അവസ്ഥയിലാണ്. ഇതിന് പുറമെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പറഞ്ഞിരിക്കുന്നത് വിദര്‍ഭ, മറാത്ത്‌വാഡ, പശ്ചിമ മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സാധാരണയിലും കുറഞ്ഞ മഴ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ്.