| Thursday, 22nd June 2017, 11:58 am

പുതുവൈപ്പിലെ പൊലീസ് നടപടി ശരിയല്ല; ജനങ്ങള്‍ പൊലീസിന്റെ സഹോദരങ്ങളെന്ന് ജേക്കബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുവൈപ്പിലെ പൊലീസ് മര്‍ദ്ദനത്തില്‍ പൊലീസിനും ഡി.സി.പി യതീഷ് ചന്ദ്രയ്ക്കുമെതിരെ മുന്‍ വിജിലന്‍സ് മേധാവിയും ഐ.എം.ജി മേധാവിയുമായ ജേക്കബ് തോമസ് രംഗത്ത്. പൊലീസിന് ജനങ്ങള്‍ സഹോദരന്മാരും സഹോദരിമാരുമായിരിക്കണമെന്നും മര്‍ദ്ദനം ശരിയല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൊച്ചി ഡി.സി.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ മാര്‍ച്ചിനെതിരെയായിരുന്നു യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. അതേസമയം, പൊലീസ് നടപടിയെ ന്യായീകരിച്ച് പൊലീസ് മേധാവി സെന്‍കുമാര്‍ രംഗത്ത് വന്നിരുന്നു.

ഹൈക്കോര്‍ട്ട് ജംഗ്ഷനിലും പിന്നീട് സമരം നടക്കുന്ന പ്ലാന്റിന്് മുന്നില്‍ വെച്ചും സമരക്കാര്‍ക്കെതിരെ ക്രൂരമര്‍ദ്ദനമായിരുന്നു പൊലീസ് നടത്തിയത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച യോഗത്തിലാണ് തീരുമാനമായത്.


Also Read: ‘പ്രണയവും ജാതകവും ഒരുമിച്ച് നടക്കില്ല’; കാമുകിയെ ഒഴിവാക്കാന്‍ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് ജ്യോത്സ്യന്റെ കിടിലന്‍ മറുപടി; വീഡിയോ കണ്ടത് നാലര ലക്ഷം പേര്‍


എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളുടെപരാതി സംസ്ഥാന സര്‍ക്കാര്‍ മുഖവിലക്കെടുക്കുകയാണെന്നും ജനങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാനുമാതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. സുരക്ഷാ ആശങ്ക പഠിക്കാന്‍ സമിതിയെ നിയോഗിക്കും. അതുവരെ പ്ലാന്റ് നിര്‍മാണം തത്ക്കാലം നിര്‍ത്തിവെക്കാന്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാതാക്കളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍, വരാപ്പുഴ മെത്രൊപ്പോലീത്തയുടെ രണ്ട് പ്രതിനിധികള്‍, സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഐഒസി പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

We use cookies to give you the best possible experience. Learn more