| Saturday, 2nd December 2023, 8:37 pm

പൃഥ്വിയുടെ സംവിധാനം കണ്ട് അവൻ ഞെട്ടി, എമ്പുരാൻ വേറേ ലെവലായിരിക്കും: ജേക്സ് ബിജോയ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ഒരുക്കുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. പ്രഖ്യാപനം മുതൽ തന്നെ ചർച്ചാവിഷയമാണ് ചിത്രം.

പൃഥ്വിരാജ് എന്ന സംവിധായകന്റെ കയ്യൊപ്പ് ലൂസിഫർ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾ കണ്ടതാണ്. എന്നാൽ രണ്ടാം ഭാഗമായ എമ്പുരനിലേക്ക് വരുമ്പോൾ പൃഥ്വിരാജ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ്‌ പറയുന്നത്.

മലയാള സിനിമയ്ക്ക് നിരവധി മികച്ച പാട്ടുകളും പശ്ചാത്തല സംഗീതവും സമ്മാനിച്ച ജേക്സ് ബിജോയ്‌ തന്റെ സുഹൃത്തും സംവിധായകനുമായ നിർമൽ സഹദേവ് എംമ്പുരാനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സില്ലി മോങ്ക്സ് മോളിവുഡിനോട് പങ്കുവെക്കുകയായിരുന്നു.

ചിത്രത്തിൽ വർക്ക് ചെയ്യുന്ന നിർമൽ സഹദേവ്, പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന രീതികണ്ട് അത്ഭുതപ്പെട്ട് തന്നെ വിളിച്ചെന്നും പടം വേറേ ലെവൽ ആണെന്ന് പറഞ്ഞെന്നും ജേക്സ് പറയുന്നു.

‘സിനിമയിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും നല്ല അറിവും നല്ല ഗ്രിപ്പുമുള്ള വ്യക്തിയാണ് പൃഥ്വിരാജ്. അദ്ദേഹത്തിന് അറിയാം ഏത് ടെക്നീഷ്യനെ വെച്ചാൽ ഏറ്റവും നന്നായി സിനിമ ചെയ്തെടുക്കാമെന്നും.

ഈയിടെ നിർമൽ സഹദേവ് എന്നോട് സംസാരിച്ചിരുന്നു. പൃഥ്വിരാജിന്റെ എമ്പുരാനിൽ അവനും വർക്ക് ചെയ്യുന്നുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ഒരു ഭയങ്കരനാണെന്നാണ് അവൻ പറഞ്ഞത്.

നിർമൽ അവനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. വൃത്തിയിൽ ഓരോ ഷോട്ടും ഡിവൈഡ് ചെയ്യുന്ന രീതിയും എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റൈലുമെല്ലാം അവനെ അത്ഭുതപ്പെടുത്തുന്നുണ്ട്.

ഒരു ദിവസം ഞെട്ടിയിട്ട് അവൻ എന്നെ വിളിച്ചിരുന്നു, എടാ ഇത്‌ വേറേ ലെവൽ ആണെന്നാണ് അവൻ അന്ന് വിളിച്ചപ്പോൾ എമ്പുരാനെ കുറിച്ച് പറഞ്ഞത്,’ ജേക്സ് ബിജോയ്‌ പറയുന്നു.

Content Highlight: Jakes Bijoy Talk About Empuran Movie And Prithviraj

We use cookies to give you the best possible experience. Learn more