| Friday, 25th August 2023, 12:48 pm

വിദ്യാധരന്‍ മാസ്റ്ററെ കൊണ്ട് 'ലവ് യൂ മുത്തേ ലവ് യൂ' എന്ന് പാടിപ്പിക്കാന്‍ മടിയായിരുന്നു: ജേക്ക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘പദ്മിനി’ എന്ന ചിത്രത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ആലപിച്ച ‘ ലൗ യൂ മുത്തേ’ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ജേക്ക്‌സ് ബിജോയ് ആയിരുന്നു സംഗീതം നല്‍കിയിരുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യഗാനം കൂടിയായിരുന്നു ലവ് യൂ മുത്തേ.

വിദ്യാധരന്‍ മാസ്റ്റര്‍ ആ ഗാനത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ജേക്ക്‌സ് ബിജോയ്. തുടക്കത്തില്‍ ഒന്നു രണ്ട് പേരെ വെച്ച് ആ ഗാനം നോക്കിയെങ്കിലും അത് അത്ര നന്നായി തോന്നിയില്ലെന്നും പിന്നീട് താന്‍ തന്നെയാണ് വിദ്യാജിയെന്ന ഓപ്ഷനിലേക്ക് എത്തിയതെന്നുമാണ് ജേക്ക്‌സ് മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ലവ് യൂ മുത്തേ എന്ന് വിദ്യാജിയെ കൊണ്ട് കോറസ് പാടിപ്പിക്കാന്‍ മടിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.

‘വിദ്യാജി എനിക്ക് ഗുരുതുല്യനാണ്. വിദ്യാജിയെ കൊണ്ട് ആ പാട്ട് പാടിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ലവ് യൂ മുത്തേ എന്ന ലിറിക്‌സ് ആ കഥാപാത്രത്തിന് ഓക്കെയാണ്. ആ ക്യാരക്ടര്‍ ലൗഡാണ്. ഈ ഗാനം ഒന്നു രണ്ട് പേരെ കൊണ്ട് പാടിപ്പിച്ച് നോക്കി. പക്ഷേ അപ്പോള്‍ അതൊരു നോര്‍മല്‍ സോംഗ് ആയിപ്പോയി.

അപ്പോള്‍ വിദ്യാജിയുടെ വോയ്‌സിന്റെ ടെക്ചറും അത്രയും പ്രായമുള്ളൊരു ആള്‍ പാടുമ്പോഴുണ്ടാകുന്ന ഒരു കൗതുകവുമുണ്ടല്ലോ. അത് വര്‍ക്കാവുമെന്ന് എനിക്ക് തോന്നി. അത് എന്റെ ചോയ്‌സായിരുന്നു. നേരത്തെ തന്നെ ഒന്ന് രണ്ട് പാട്ടുകളില്‍ ആ രീതി ട്രൈ ചെയ്തിട്ടുണ്ട്.

ഏറ്റവും കോമഡി എന്താണെന്നു വെച്ചാല്‍ ഈ പല്ലവിയൊക്കെ അദ്ദേഹം പാടിക്കഴിഞ്ഞെങ്കിലും ഞങ്ങള്‍ കോറസ് പാടിക്കുന്നില്ല. വിദ്യാധരന്‍ മാസ്റ്ററെ കൊണ്ട് എങ്ങനെയാണ് ലവ് യൂ മുത്തേ എന്ന് പാടിപ്പിക്കുക എന്ന പേടിയായിരുന്നു. പുള്ളിക്കാരന് വല്ലതും തോന്നുമോ എന്നൊക്കെയുള്ള തോന്നലായിരുന്നു.

അവസാനം പാടിക്കഴിഞ്ഞ ശേഷം ഒരു ലൈന്‍ കൂടിയുണ്ട് എന്ന് ഞാന്‍ പറഞ്ഞു. എന്താണെന്ന് ചോദിച്ചു. ലവ് യൂ മുത്തേ എന്നാണെന്ന് പറഞ്ഞപ്പോള്‍ ചെരിഞ്ഞൊരു നോട്ടം നോക്കി. പക്ഷേ അതും അദ്ദേഹം രസകരമായി പാടി. 78 വയസിലും എന്താണ് അദ്ദേഹത്തിന്റെ ഒരു എനര്‍ജി.

അദ്ദേഹം നടക്കുന്നതും വന്നിരുന്ന് പ്രാക്ടീസ് ചെയ്യുന്നതുമൊക്കെ കണ്ടാല്‍ ഒരു അന്‍പതു വയസുള്ള ആളാണെന്നേ നമുക്ക് തോന്നുള്ളൂ. പിന്നെ അദ്ദേഹത്തിന്റെ വോയ്‌സിനെ കുറിച്ച് പറയേണ്ടതില്ല. ഗംഭീരമാണത്,’ ജേക്ക്‌സ് ബിജോയ് പറഞ്ഞു.

അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് പദ്മിനിയിലെ നായികമാര്‍. ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്‍, ഗോകുലന്‍, ജെയിംസ് ഏലിയാ, മാളവിക മേനോന്‍, സീമ ജി നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

Content highlight: Jakes Bijoy about Love you muthe song and vidhyadharan master

We use cookies to give you the best possible experience. Learn more