ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പോടെ ഇറങ്ങിയ സിനിമയായിരുന്നു ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്ത എന്ന ചിത്രം.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും സിനിമയിലെ പാട്ടുകളും മ്യൂസിക് ട്രാക്കുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.
പടത്തിന്റെ മോഷൻ പോസ്റ്റർ ഇറക്കുമ്പോൾ ഏതുതരത്തിലുള്ള ട്രാക്ക് പിടിക്കണമെന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നെന്നും മോഷൻ പോസ്റ്ററിലൂടെ വലിയ ഹൈപ്പ് സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ചിത്രത്തിന്റെ സംഗീതസംവിധായകൻ ജേക്സ് ബിജോയ് പറയുന്നു.
ചിത്രത്തിന് വേണ്ടി ചെയ്ത കൊത്ത രാജ എന്ന ട്രാക്ക് ദുൽഖറിന് ഒരുപാട് ഇഷ്ടമായെന്നും അദ്ദേഹം തന്നെ അഭിനന്ദിച്ചുവെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ജേക്സ് പറഞ്ഞു.
‘ഒരു മോഷൻ പോസ്റ്റർ വരുന്നു. അതിലൂടെ നല്ല ഹൈപ്പ് സൃഷ്ടിക്കണം. കാരണം പടം പാൻ ഇന്ത്യൻ ആയിട്ടാണ് പിടിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരിലേക്കും എത്തണം. മലയാളത്തിൽ ഏറ്റവും കാത്തിരിക്കുന്ന സിനിമയാണ്. മ്യൂസിക്കിന് എന്ത് ഴോണർ പിടിക്കുമെന്ന ഒരു കൺഫ്യൂഷൻ ഞങ്ങൾക്കുണ്ടായിരുന്നു.
പിന്നെ സംവിധായകൻ അഭിലാഷിന്റെയും ദുൽഖറിന്റെയുമെല്ലാം ടേസ്റ്റ് കൂടെ നോക്കണം. അവരും അഭിപ്രായം പറയുമായിരുന്നു. ഞാൻ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ മൂന്ന് വേർഷൻസും പടത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോഴാണ് ആ ഒരു എക്സൈറ്റ്മെന്റ് വല്ലാതെ കൂടിയത്.
അതിലെ മ്യൂസിക് റിലീസ് ചെയ്യാൻ പോലും പ്ലാൻ ചെയ്തതല്ലായിരുന്നു. ഹൈപ്പിന് കുറച്ചുകൂടി എന്തെങ്കിലും വേണം അത് പോരാ എന്ന തീരുമാനം ഉണ്ടായിരുന്നു. പക്ഷേ കേട്ട് കഴിഞ്ഞപ്പോൾ അതുതന്നെ പടത്തിനു വേണ്ടി തെരഞ്ഞെടുക്കാമെന്നവർ തീരുമാനിച്ചു.
അതുകേട്ടപ്പോൾ ദുൽഖർ ഒരുപാട് എക്സൈറ്റ്മെന്റ് ആയി. എന്നെ ഒരുപാട് അഭിനന്ദിച്ചു. അവർക്ക് എല്ലാവർക്കും ഒരു എനർജി കിട്ടി. കൊത്തരാജ എന്ന ട്രാക്ക് ദുൽഖറിന് ഒരുപാട് വർക്ക് ആയ ഒരു ട്രാക്ക് ആയിരുന്നു. അത് എങ്ങനെ പ്ലേസ് ചെയ്യണം എന്നതിലൊക്കെ അദ്ദേഹത്തിന്റെ ഐഡിയയും ഉണ്ടായിരുന്നു,’ ജേക്സ് പറയുന്നു.
Content Highlight: Jakes Bejoy Talk About King Of Kotha