മലയാള സിനിമയിൽ നിരവധി മികച്ച പാട്ടുകളും പശ്ചാത്തല സംഗീതവും സമ്മാനിച്ച മ്യൂസിക് ഡയറക്ടറാണ് ജേക്സ് ബിജോയ്. മലയാളത്തിനു പുറമേ അന്യഭാഷയിലും ജേക്സ് തന്റെ കഴിവ് തെളിയിച്ചതാണ്.
സിനിമയിൽ താരങ്ങളുടെ സ്വാഗ് സെറ്റ് ചെയ്യുന്നതിൽ പശ്ചാത്തല സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം സംഗീത സംവിധായകർക്കാണെന്നും ജേക്സ് ബിജോയ് പറയുന്നു. മാസ്, ത്രില്ലർ സിനിമകൾ ബി.ജി.എം ഇല്ലാതെ കാണുന്നത് വളരെ പാടണെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ജേക്സ് പറഞ്ഞു.
‘സിനിമയിലെ നായകന്റെ സ്വാഗ് സെറ്റ് ചെയ്യുന്നതിൽ പൂർണമായ ഉത്തരവാദിത്തമുള്ളത് സംഗീതസംവിധായകർക്കാണ്. അതിന്റെ വിഷൻ എന്ന് പറയുന്നത് സംവിധായകരുടെ കയ്യിൽ തന്നെയാണ്. പക്ഷേ അതിന്റെ ആത്മാവ് എന്ന് പറയുന്നത് നായകൻ സ്ക്രീനിൽ വരുമ്പോഴുള്ള ട്രാക്ക് ആണ്.
മാസ് സിനിമകളും ത്രില്ലറുകളും ബാക്ഗ്രൗണ്ട് സ്കോർ ഇല്ലാതെ കണ്ടു നോക്കുകയാണെങ്കിൽ അത് മനസ്സിലാവും. ഭയങ്കര പാടാണത്. നിർമാതാക്കൾക്ക് തന്നെ പലപ്പോഴും ജഡ്ജ്മെന്റ് കിട്ടാതെ വരുന്നതിന്റെ കാരണം അതാണ്.
ഒരു നായകൻ നടന്നു വരുമ്പോൾ അവിടെ ഇമോഷണലി കണക്ട് ചെയ്യണമല്ലോ. നായകന്റെ ലുക്കും ഷോട്ടും എല്ലാം മികച്ചതാണെങ്കിലും അത് പൂർണമാവണമെങ്കിൽ നല്ലൊരു ട്രാക്ക് കൂടെ വേണം.
സംവിധായകന്റെ ഒരു 100 ശതമാനവും മ്യൂസിക് ഡയറക്ടറുടെ 100 ശതമാനവും അങ്ങനെ എല്ലാം ഒരുമിച്ച് ചേരണം. നമ്മൾ എന്ത് ചെയ്താലും തിയേറ്ററിൽ ആ ഒരു ബാലൻസിങ് പ്രേക്ഷകർക്ക് കിട്ടിയിലെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല.