| Monday, 10th January 2022, 9:58 pm

സി.ബി.ഐയുടെ സംഗീതസംവിധാനം ചെയ്യാന്‍ മധു സാര്‍ വിളിച്ചപ്പോള്‍ താന്‍ കരഞ്ഞുവെന്ന് ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ സി.ബി.ഐ അഞ്ചാം ഭാഗം. സേതുരാമയ്യര്‍ വീണ്ടുമെത്തുമ്പോള്‍ സിനിമയെ പറ്റി പലവിധ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രത്തിനൊപ്പം ജനപ്രീതി നേടിയ ഒന്നാണ് സി.ബി.ഐ തീമും. സേതുരാമയ്യര്‍ എത്തുമ്പോള്‍ ഒപ്പമുള്ള പശ്ചാത്തലസംഗീതം എല്ലാ ഭാഗങ്ങളിലും പ്രേക്ഷകരെ മടുപ്പിക്കാതെ ആവര്‍ത്തിച്ചു.

ശ്യാമായിരുന്നു ഐതിഹാസികമായ ആ തീം സൃഷ്ടിച്ചത്. സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

തീമില്‍ റീവര്‍ക്ക് ചെയ്യുന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മധു സാര്‍ വിളിച്ചപ്പോള്‍ താന്‍ കരഞ്ഞുവെന്നും പറയുകയാണ് ജേക്‌സ് ബിജോയ്. ക്ലബ് എഫ്.എ്മ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജേക്‌സ് ഇക്കാര്യം പറഞ്ഞത്.

‘ഈ തീം വീണ്ടും ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഏതൊരു മലയാളി മ്യൂസിക് കംമ്പോസര്‍ക്കും ഏറ്റവും ഐകോണിക് ആയിട്ട് മനസില്‍ നില്‍ക്കുന്ന ഒരു തീം ആണ് സി.ബി.ഐയിലേത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ ഈ തീം നമ്മള്‍ കേള്‍ക്കുന്നതാണ്. അതൊന്നു റീവിസിറ്റ് ചെയ്യണെമെന്ന് ആഗ്രഹമുണ്ടായിരുന്നു,’ ജേക്‌സ് പറഞ്ഞു.

‘മധുസാറിന്റെ കോള്‍ വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. ഡ്രീം കം ട്രൂ മൊമെന്റ് ആയിരുന്നു അത്. 100 ശതമാനവും ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ശ്യാം സാറിനെ വിളിക്കണമെന്ന് മധു സാര്‍ പറഞ്ഞിരുന്നു. ശ്യാം സാറാണ് ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് വിളിച്ച് അനുഗ്രഹം മേടിക്കണെമെന്ന് മധു സാര്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ ശ്യാം സാറിനെ വിളിച്ചു. തീം സോങ്ങില്‍ അധികം മാറ്റം വരുത്തരുതെന്നാണ് അദ്ദേഹം പറഞ്ഞത്. തീം മാറ്റുന്നില്ല സാറേ അത് തന്നെ എടുക്കുന്നുള്ളൂ, ഒരു ക്രെഡിറ്റും വേണ്ട, അത് തൊടാന്‍ പറ്റുന്നത് തന്നെ ഭാഗ്യമാണെന്നുമാണ് ഞാന്‍ പറഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്. സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനനുമാണ് ആ മൂന്ന് പേര്‍. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: jakes bejoy says that he cried when madhu called him for cbi 5

We use cookies to give you the best possible experience. Learn more