| Tuesday, 11th July 2023, 7:19 pm

'പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ' പോലെയൊരു മൂഡ് വേണം, അങ്ങനെ ആ പാട്ടിലേക്കെത്തി: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിനായി ജേക്‌സ് ബിജോയ് ഒരുക്കിയ പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. പൊറിഞ്ചു മറിയം ജോസിലെ മനമറിയുന്നോള് എന്ന പാട്ട് ഒരുക്കിയതിന് പിന്നിലെ കഥ പറയുകയാണ് ജേക്‌സ് ബിജോയ്.

എല്ലാ വരിയുടേയും അവസാനം ഒരക്ഷരം ആവര്‍ത്തിച്ച് വരുന്ന പാറ്റേണിലാണ് പാട്ട് ഒരുക്കിയതെന്ന് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജേക്‌സ് പറഞ്ഞു.

‘ഒരു കല്യാണ പാട്ടായിരിക്കണം, ഭാര്യമാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്ന പാട്ടായിരിക്കണം എന്നാണ് ജോഷി സാര്‍ പറഞ്ഞത്. ഇതില്‍ ഏറ്റവും ക്യാച്ചിയായത് ‘ഓള്’ എന്നതാണ്. മനമറിയുന്നോള്, ഇവളാ കെട്ട്യോള്, കനവില് വന്നോള്, അങ്ങനെ അന്ത്യാക്ഷര പ്രാസമാണ്.

അങ്ങനെ പല പാട്ടുകള്‍ മുമ്പുള്ളവരും ട്രൈ ചെയ്തിട്ടുണ്ട്. വിദ്യാജി- ഗിരീഷ് ചേട്ടന്റെ കോമ്പിനേഷനില്‍ പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ, ‘ഴ’യില്‍ നില്‍ക്കുന്നില്ലേ, അങ്ങനെ അവസാനം ഒരു മൂഡിലേക്ക് എത്തണം. അങ്ങനെയാണ് ‘ള്’ വെച്ച് ചെയ്യാമെന്ന് തീരുമാനിക്കുന്നത്,’ ജേക്‌സ് ബിജോയ് പറഞ്ഞു.

പറയുവാന്‍ ഇതാദ്യമായി എന്ന പാട്ട് ഒരു സിനിമക്ക് വേണ്ടിയും ചെയ്തതല്ലെന്നും എന്നാല്‍ ഇഷ്‌കുമായി സംവിധായകന്‍ വന്നപ്പോള്‍ പാട്ട് ചേരുമെന്ന് തനിക്ക് തോന്നുകയായിരുന്നുവെന്നും ജേക്‌സ് ബിജോയ് പറഞ്ഞു.

‘പറയുവാന്‍ എന്ന പാട്ട് ഒരു സിനിമക്കും വേണ്ടി കംപോസ് ചെയ്തതല്ല. ഇന്‍ഡിപെന്‍ഡന്റായി ഒരു പാട്ട് ചെയ്യണം എന്നുള്ള രീതിയില്‍ ഒരു ട്യൂണ്‍ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. ഇഷ്‌ക് എന്ന സിനിമ കംപ്ലീറ്റ് ചെയ്ത് പാട്ടുകളും എടുത്തുകഴിഞ്ഞാണ് അനരാഗ് എന്റെയടുത്ത് വരുന്നത്.

പാട്ട് കണ്ടുകഴിഞ്ഞപ്പോഴേ എന്റെ കയ്യില്‍ ഒരു ട്യൂണുണ്ട് എന്ന് പറഞ്ഞ് ഇത് ഇട്ടുകൊടുക്കുവായിരുന്നു. അപ്പോള്‍ ലിറിക്‌സുമുണ്ടായിരുന്നു. ആ വരികള്‍ വരെ സീനുകളോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു,’ ജേക്‌സ് ബിജോയ് പറഞ്ഞു.

Content Highlight: jakes bejoy about the song in porinju mariyam jose

We use cookies to give you the best possible experience. Learn more