|

ഓസീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞത് രോഹിത്തിന്റെ റെക്കോഡ്; ഇന്ത്യൻ നായകനെ വീഴ്ത്തി 22കാരന്റെ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ 43ാം മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ദല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 257 എന്ന കൂറ്റന്‍ ടോട്ടലാണ് എതിരാളികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ യുവതാരം ജേക്ക് ഫ്രസര്‍ മക്ഗൂര്‍ക്ക് തകര്‍ത്തടിക്കുകയായിരുന്നു. 27 പന്തില്‍ 84 റണ്‍സ് നേടി കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 311.11 പ്രഹരശേഷിയില്‍ 11 ഫോറുകളും ആറ് സിക്‌സുകളുമാണ് ജേക്ക് നേടിയത്. മത്സരത്തില്‍ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ പിയൂഷ് ചൗളയുടെ പന്തില്‍ അഫ്ഗാന്‍ സൂപ്പര്‍താരം മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് ജെക്ക് പുറത്തായത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജേക്ക് ഫ്രസര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ആദ്യ അഞ്ച് ഇന്നിങ്‌സില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് ഓസീസ് താരം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയെ മറികടന്നു കൊണ്ടായിരുന്നു ജാക്ക് ഫ്രസര്‍ ഈ നേട്ടത്തില്‍ എത്തിയത്.

ഐപിഎല്ലില്‍ ആദ്യ അഞ്ച് ഇന്നിങ്‌സില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ് എന്നീ ക്രമത്തില്‍

ഷോണ്‍ മാര്‍ഷ്-295

ലെണ്ടൽ സിമണ്‍സ്-280

ജോണി ബെയര്‍‌സ്റ്റോ-265

ആന്‍ഡ്രൂ സൈമണ്‍സ്-247

ജെക്ക് ഫ്രസര്‍ മക്ക്ഗൂര്‍ക്ക്-247

രോഹിത് ശര്‍മ-235

ട്രിസ്റ്റന്‍ സ്റ്റപ്‌സ് 25 പന്തില്‍ 48 റണ്‍സും നേടി. ആറ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരം നേടിയത്. ഷായ് ഹോപ്പ് 17 പന്തില്‍ 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അഞ്ച് കൂറ്റന്‍ സിക്‌സുകള്‍ ആണ് വിന്‍ഡീസ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഭിഷേക് പോറല്‍ 27 പന്തില്‍ 36 റണ്‍സും നായകന്‍ റിഷഭ് പന്ത് 19 പന്തില്‍ 29 റണ്‍സും നേടി നിര്‍ണായകമായി.

മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് നബി, പിയൂഷ് ചൗള, ലൂക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Jake Fraser McGurk create a new record