രാം കേ നാം എവിടെയും പ്രദര്‍ശിപ്പിക്കും, ഡി.വൈ.എഫ്.ഐ അതിന് കാവല്‍ നില്‍ക്കും, തടയാന്‍ ചുണയുള്ള സംഘപ്രചാരകര്‍ക്ക് സ്വാഗതം: ജെയ്ക് സി. തോമസ്
Kerala News
രാം കേ നാം എവിടെയും പ്രദര്‍ശിപ്പിക്കും, ഡി.വൈ.എഫ്.ഐ അതിന് കാവല്‍ നില്‍ക്കും, തടയാന്‍ ചുണയുള്ള സംഘപ്രചാരകര്‍ക്ക് സ്വാഗതം: ജെയ്ക് സി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2024, 8:22 am

 

കോട്ടയം: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രസിദ്ധ ഫിലിം മേക്കര്‍ ആനന്ദ് പട്‌വര്‍ധന്റെ രാം കേ നാം എന്ന ഡോക്യുമെന്ററി കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി. തോമസ്.

കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാം കേ നാം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ജെയ്ക് വ്യക്തമാക്കിയത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജെയ്ക് ഇക്കാര്യം പറഞ്ഞത്.

”രാം കെ നാം എവിടെയും പ്രദര്‍ശിപ്പിക്കും! കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലും അത് പ്രദര്‍ശിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ പതാകകള്‍ അതിന് കാവല്‍ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക് തടയാന്‍ ചുണയുള്ള സംഘപ്രചാരകര്‍ക്ക് സ്വാഗതം,” എന്നാണ് ജെയ്ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പള്ളിക്കത്തോട് കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ നിര്‍ത്തിവെച്ചത്.

കോളേജിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം വിദ്യാര്‍ത്ഥികള്‍ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കോളേജ് കോമ്പൗണ്ടിനുള്ളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

1992ലാണ് ആനന്ദ പട്‌വര്‍ധന്‍ രാം കേ നാം തയ്യാറാക്കിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ശേഷം ഉടലെടുത്ത വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് ഡോക്യുമെന്ററിയിലെ പ്രമേയം.

അയോധ്യയില്‍ ബാബരി മസ്ജിദുമായി  ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുടെ വാദങ്ങളും ഡോക്യുമെന്ററിയില്‍ സമഗ്രമായി വിവരിച്ചിരുന്നു. ക്ഷേത്രം നിര്‍മിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മാത്രം മുമ്പില്‍ കണ്ടുകൊണ്ടാണെന്നുള്ള രാമക്ഷേത്രത്തിലെ പൂജാരിയായ ബാബ ലാല്‍ ദാസിന്റെ വാക്കുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

രാമക്ഷേത്ര ഉദ്ഘാടനം പൂര്‍ത്തിയായതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതാണ് ബി.ജെ.പിയുടെ പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്. ഇതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്. നേരത്തെ അയോധ്യ കേസിലെ വിധി പ്രഖ്യാപിച്ചപ്പോഴും ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം, രാം കേ നം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനുമതിയില്ലാതെ ചിത്രം പ്രദര്‍ശിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ചാണ് പൊലീസ് നടപടി.

ശനിയാഴ്ച നരഡ്‌മെത്തിലെ റസ്റ്റോറന്റിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഹൈദരാബാദ് സിനിഫൈല്‍സ് എന്ന സിനിമാ ഗ്രൂപ്പാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. എന്നാല്‍ റസ്റ്റൊറെന്റിലെത്തിയ റിത്വിക് എന്നയാളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രദര്‍ശനം പാതി വഴിയില്‍ നിര്‍ത്തുകയുമായിരുന്നു.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെമന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

 

 

Content highlight: Jake C. Thomas said that Anand Patwardhan’s documentary Ram Ke Naam will be screened in front of KR Narayanan film institute