| Saturday, 12th August 2023, 12:57 pm

പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് എം.വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി. തോമസിനെ ഔദ്യാഗികമായി പ്രഖ്യാപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പുതുപ്പള്ളി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫലപ്രദമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും അത് കേവലമായ വൈകാരിക പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടെന്നും വികസനത്തിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പകച്ച് നില്‍ക്കുന്നില്ലെന്ന് ജെയ്ക് സി. തോമസും പ്രതികരിച്ചു. 2016ന് ശേഷം വിവിധ തെരഞ്ഞെടുപ്പിലെ വോട്ടിന്റ കണക്കുകള്‍ കഥ പറയുമെന്നും ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.

ജാര്‍ഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍ മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തര്‍പ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.

ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Content Highlights: Jake C. Thomas is the LDF candidate in puthuppally

We use cookies to give you the best possible experience. Learn more