ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ ജയ്റ്റ്പൂര്‍ മണ്ഡലത്തില്‍ ഇ.വി.എം രേഖപ്പെടുത്തിയത് പോള്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍.
ബൂത്ത് നമ്പര്‍ 124ലാണ് സംഭവം. 819 വോട്ടുകളാണ് പ്രിസൈഡിങ് ഓഫീസര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വോട്ടിങ് അവസാനിച്ചപ്പോള്‍ ഇ.വി.എമ്മില്‍ കാണുന്നത് 864 വോട്ടുകള്‍ പോള്‍ ചെയ്തതായാണ്. വോട്ട് വര്‍ധിച്ചതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
“പോളിങ് ഓഫീസറുടെ രജിസ്റ്ററും വോട്ടിങ് മെഷീനിലെ ഡാറ്റയും തമ്മില്‍ 45 വോട്ടുകളുടെ വ്യത്യാസമുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ 30ന് തെരഞ്ഞെടുപ്പു കമ്മീഷന് അയച്ചിട്ടുണ്ട്.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമുണ്ടാവില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. യഥാര്‍ത്ഥ പോളിങ് തുടങ്ങുന്നതിനു മുമ്പ് മോക്ക് വോട്ടുകള്‍ കുറയ്ക്കാന്‍ വിട്ടുപോയതാവാമെന്നും സംശയിക്കുന്നതായി അദ്ദേഹം പറയുന്നു. വോട്ടെണ്ണല്‍ സമയത്ത് വി.വിപാറ്റുകള്‍ പരിശോധിക്കാനും കഴിയുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു.
റീ പോളിങ് നടത്തേണ്ടതില്ലയെന്ന നിഗമനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷനും.
“വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇവിടെ ഒരു പ്രശ്‌നവുമുണ്ടാവില്ല. പോളിങ് ബൂത്തുകളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണണം.അതിനാല്‍ റീ പോളിങ്ങിനുള്ള ഒരു സാധ്യതയുമില്ല. മോക്ക് പോളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച വോട്ടുകള്‍ യഥാര്‍ത്ഥ വോട്ടിങ് ഡാറ്റയില്‍ നിന്നും എളുപ്പത്തില്‍ കുറയ്ക്കാന്‍ കഴിയും. നിരീക്ഷകന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കമ്മീഷന് നല്‍കിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കും. അത് ഞങ്ങളുടെ ആഭ്യന്തര നടപടിയാണ്.” ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അനുഭ ശ്രീവാസ്തവ് പറഞ്ഞു.