ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ഫ്രഞ്ച് സഹകരണത്തോടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന ജെയ്താപുര്‍ ആണവനിലയത്തില്‍, ഏറ്റവും ഉയര്‍ന്നസുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യയും ഫ്രാന്‍സും.[]
ഇന്ത്യാ സന്ദര്‍ശനത്തിന് വ്യാഴാഴ്ച എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി മൂന്നാം തലമുറയില്‍പ്പെട്ട “യൂറോപ്യന്‍ പ്രഷറൈസ്ഡ് റിയാക്ടറുകളാണ്” സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഈ സാങ്കേതികവിദ്യ ഇതുവരെ ആണവനിലയങ്ങളില്‍ പരീക്ഷിച്ചിട്ടില്ലാത്തതാണ്.
എന്നാല്‍ ഇതിന്റെ അപകടസാധ്യത വിലയിരുത്തിയിട്ടില്ലെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കരാറില്‍ ഒപ്പ് വെയ്ക്കരുതെന്ന് ഇടതുപാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഫ്രഞ്ച് കമ്പനി അരിവായും ഇന്ത്യയുടെ എന്‍.പി.സി.ഐ.എല്ലും സംയുക്തമായി സ്ഥാപിക്കുന്ന ജെയ്താപുര്‍ ലോകത്തിലെ ഏറ്റവും ഊര്‍ജോത്പാദനക്ഷമതയുള്ള നിലയമായാണ് വിഭാവനം ചെയ്യുന്നത്.
സാങ്കേതികവും വാണിജ്യപരവുമായ ചില കാര്യങ്ങളില്‍ മാത്രമേ അരിവായും എന്‍.പി.സി.ഐ.എല്ലും തമ്മില്‍ ധാരണയിലെത്താനുള്ളൂ.
ജെയ്താപുരുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ പ്രതിജഞാബദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സുമായുള്ള ചര്‍ച്ച വിജയകരമായിത്തീരുമെന്ന് സംയുക്തപ്രസ്താവനയില്‍ ഇരു രാജ്യങ്ങളും പ്രത്യാശപ്രകടിപ്പിക്കുന്നു.
അതേസമയം ജയ്താപൂരില്‍ ഫ്രഞ്ച് കമ്പനിയായാ അരേവ ആണവ നിലയം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏറ്റവും നേരത്തെ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പ്രതിബദ്ധത മന്‍മോഹന്‍ സിങ്ങും ഓലന്‍ഡുമായി നടന്ന കൂടിക്കാഴ്ചയില്‍ ആവര്‍ത്തിക്കപ്പെടുകയാണ് ഉണ്ടായത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദ്, ഇരു രാജ്യങ്ങളും തന്ത്രപ്രധാനപങ്കാളിത്തത്തിന് സുപ്രധാനസ്ഥാനം നല്‍കുന്നതായി വ്യക്തമാക്കി.
യു.എന്‍. സുരക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം വേണമെന്ന ആവശ്യത്തിലും ഐക്യരാഷ്ട്രസഭയില്‍ ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തിലും ഫ്രാന്‍സ് ഇന്ത്യയോടൊപ്പമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളിലെയും റെയില്‍വേകള്‍ തമ്മിലുള്ള സഹകരണം, പരസ്പരമുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കല്‍, വിദ്യാഭ്യാസസാംസ്‌കാരിക രംഗങ്ങളിലെ വിനിമയപരിപാടികള്‍ തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കുമെന്ന് സംയുക്തപ്രസ്താവനയില്‍ പറയുന്നു.