ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്നാണ് ആരംഭം കുറിക്കുന്നത്. ഏകദേശം ഒരു മാസത്തിന് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീം ഒരുപാട് പ്രതീക്ഷകളുമായാണ് മത്സരത്തെ സമീപിക്കുന്നത്. താരങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ ആരാധകരും കാത്തിരിക്കുന്നുണ്ട്.
രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത് അതിന് ശേഷം ഏകദിന, ടി-20 സീരിസുകളും ഇന്ത്യ വിന്‍ഡീസില്‍ കളിക്കും. പല താരങ്ങളും ലോകകപ്പ് ടീമിലേക്ക് അവസരം ലഭിക്കാനായി ഈ മത്സരങ്ങളെ സമീപിക്കും എന്ന് തീര്‍ച്ച. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
വെറ്ററന്‍ താരം ചേത്വേശര്‍ പുജാര ഇല്ലാതെയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കച്ചകെട്ടുന്നത്. അദ്ദേഹത്തിന് പകരം മൂന്നാം നമ്പറില്‍ ആരാണ് കളിക്കുക എന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മൂന്നാം നമ്പറിലേക്ക് സൂപ്പര്‍ ഓപ്പണര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്‍ കളിക്കുമെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്.
മൂന്നാം നമ്പറില്‍ ഗില്‍ കളിക്കുകയാണെങ്കില്‍ നായകന്‍ രോഹിത്തിന്റെ കൂടെ ഓപ്പണിങ്ങില്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍ കളിക്കും. ഇക്കാര്യം രോഹിത് തന്നെ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മൂന്നാം നമ്പറില്‍ കളിക്കണമെന്ന് ഗില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടെന്നും രോഹിത് പറയുന്നു.
ജെയ്‌സ്വാളിന്റെ വരവ് ടീമിന്റെ ബാറ്റിങ് കരുത്ത് കൂട്ടുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തന്റെ ഡെബ്യു മത്സരത്തില്‍ തന്നെ മികച്ച പ്രകടന നടത്താനായിരിക്കും ഈ ഇടം കയ്യന്‍ ബാറ്ററും ശ്രമിക്കുക. ഈ പരമ്പരയോടെ പുതിയ ഡബ്ല്യു.ടി.സി. സൈക്കിളിന് തുടക്കമാകുയാണ്. കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പിലും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി.
വിന്‍ഡ്സര്‍ പാര്‍ക്കിലെ പിച്ച് പൊതുവെ മികച്ച ബാറ്റിങ് സര്‍ഫെയ്‌സായിട്ടാണ് കണക്കാക്കപ്പെടുന്നത്, അതിനാല്‍ ഇരു ടീമുകളും മികച്ച സ്‌കോര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിന്റെ അവസാന ദിനങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ത പ്രവചനം സൂചിപ്പിക്കുന്നത്.