എനിക്ക് നല്ല ഓള്‍റൗണ്ടര്‍ ആകേണ്ട, ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആയാല്‍ മതി; രാജസ്ഥാന്റെ യുവതാരം
Cricket
എനിക്ക് നല്ല ഓള്‍റൗണ്ടര്‍ ആകേണ്ട, ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആയാല്‍ മതി; രാജസ്ഥാന്റെ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st June 2022, 1:00 pm

രാജസ്ഥാന്‍ റോയല്‍സിന്റെ ഈ വര്‍ഷത്തെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത് താരമാണ് ജെയ്‌സ്വാള്‍. രാജസ്ഥാന്റ ഓപണിങ് ബാറ്ററായിരുന്ന താരം ഒരു പാര്‍ട് ടൈം ബൗളര്‍ കൂടിയാണ്.

തനിക്ക് ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാകണമെന്നാണ് ആഗ്രഹമെന്ന് ജെയ്‌സ്വാള്‍ തുറന്നു പറഞ്ഞു. 2020 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 ഐ.പി.എല്‍ മത്സരം കളിച്ചിട്ടുണ്ട്.

ഈ 23 മത്സരത്തില്‍ ഒരു തവണ മാത്രമേ താരം ബൗള്‍ ചെയ്തിട്ടുള്ളു. 2022 ഐ.പി.എല്‍ സീസണില്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ യുവ ബാറ്ററിന് പക്ഷെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാനാണ് ആഗ്രഹം. യുസ്വേന്ദ്ര ചഹലിനോട് റോയല്‍സിലെ പരിശീലന സമയത്തായിരുന്നു താരം ഇത് പറഞ്ഞത്.

പരിശീലിനത്തിനിടെ ചഹല്‍ തനിക്ക് ബൗളിങ് ടിപ്‌സ് തന്നിരുന്നു. തനിക്ക് നല്ല ഓള്‍റൗണ്ടറാകാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞതായും ജെയ്‌സ്വാള്‍ പറഞ്ഞു.

‘ഞാന്‍ ചഹലിനോട് സംസാരിച്ചു, അദ്ദേഹം എനിക്ക് ബൗളിങ് ടിപ്സ് തന്നിരുന്നു. എനിക്ക് ഒരു നല്ല ഓള്‍റൗണ്ടറാകാന്‍ കഴിയുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍ എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാകണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് ബാറ്റിങ്, ബൗളിങ് എന്നീ രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളിലും മികച്ചവനാകണം,’ ജെയ്‌സ്വാള്‍ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ജെയ്‌സ്വാള്‍ മനസുതുറന്നത്. ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ മോശമല്ലാത്ത പ്രകടനം താരം കാഴ്ചവെച്ചിരുന്നു. 10 ഇന്നിങ്‌സില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറിയടക്കം 258 റണ്‍ താരം നേടിയിരുന്നു.

ഇതോടൊപ്പം ചഹല്‍ ലെജന്റ് ആണെന്നും അദ്ദേഹം മിസ്റ്ററിയാണെന്നും ജെയ്‌സ്വാള്‍ പറഞ്ഞു. അദ്ദേഹം നന്നായി ചെസ് കളിക്കുമെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം ഒരു നിഗൂഢ മനുഷ്യനാണ് (ചിരിക്കുന്നു). അദ്ദേഹത്തിന്റൈ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ഇതിഹാസം കൂടിയാണ്. അദ്ദേഹത്തിന് നിരവധി സ്പിന്‍ വേരിയേഷനുകളുണ്ട്. അദ്ദേഹം നന്നായി ചെസും കളിക്കും,’ ജെയ്‌സ്വാള്‍ പറഞ്ഞു.

അതേസമയം രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് ജെയ്‌സ്വാളിപ്പോള്‍. ഉത്തര്‍ പ്രദേശിനെതിരെയുള്ള സെമിഫൈനലില്‍ രണ്ട് ഇന്നിങ്‌സിലും താരം സെഞ്ച്വറി നേടിയിരുന്നു. രഞ്ജി ട്രോഫിയില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മുംബൈ ബാറ്ററാണ് താരം.

ആദ്യ ഇന്നിങ്‌സില്‍ 100 റണ്‍ എടുത്ത താരം രണ്ടാം ഇന്നിങ്‌സില്‍ 182 റണ്‍ നേടിയിരുന്നു. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും താരമായിരുന്നു. ജൂണ്‍ 22ന് നടക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെയാണ് മുംബൈ നേരിടുക.

Content Highlights: Jaiswal says he wants to be worlds best allrounder