| Sunday, 16th July 2023, 5:49 pm

എന്നെ അവന്‍ നാലര മണിക്ക് വിളിച്ചു, ഒരുപാട് കരഞ്ഞു: ജെയ്സ്വാളിന്റെ പിതാവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരനായ യശ്വസ്വി ജെയ്‌സ്വാളിന്റെ പ്രകടനം ഒരുപാട് പ്രശംസ നേടിയിരുന്നു. ആദ്യ മത്സരമായിട്ടും അതിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയായിരുന്നു അദ്ദേഹം ബാറ്റ് വീശിയത്. 171 റണ്‍സ് നേടി മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായതും ജെയ്‌സ്വാളായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യന്‍ ബാറ്ററാണ് ജെയ്‌സ്വാള്‍. 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരവും, മുമ്പ് ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

21 വയസുകാരനായ ജെയ്‌സ്വാളിന്റെ ജീവിതകഥ വളരെ ഇന്‍സ്പയറിങ്ങായിട്ടുള്ളതാണ്, പാനി പൂരി വിറ്റും വീട്ടില്‍ നിന്നും ഒരുപാട് മാറിയും ഈ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഒരുപാട് കഷ്ടതകള്‍ സഹിച്ചിട്ടുണ്ട്. ഐ.പി.എല്‍ നടക്കുന്ന സമയത്ത് ഇതൊരുപാട് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ നേടിയ സെഞ്ച്വറിക്ക് ശേഷം അദ്ദേഹം അച്ഛനെ വിളിച്ച കഥയാണ് വാര്‍ത്തയാകുന്നത്.

ജെയ്‌സ്വാളിന്റെ അച്ഛന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ വെളുപ്പിന് നാലര മണിക്ക് വിളിച്ചെന്നും അവന്‍ കരഞ്ഞെന്നുമാണ് അച്ഛന്‍ പറയുന്നത്. മകന്‍ കരഞ്ഞപ്പോള്‍ താനും കരഞ്ഞെന്നും അവസാനം തന്നോട് താങ്കള്‍ സന്തോഷവാനാണോ എന്നും മകന്‍ ചോദിച്ചതായി അച്ഛന്‍ വെളിപ്പെടുത്തി.

‘നൂറ് തികച്ചതിന് ശേഷം പുലര്‍ച്ചെ 4.30ന് ജെയ്സ്വാള്‍ വിളിച്ചിരുന്നു, അവന് കണ്ണീര്‍ അടക്കാനായില്ല, ഞാനും കരഞ്ഞു, അത് വളരെ ഇമോഷണലായി. അവന്‍ എന്നോട് ചോദിച്ചു അച്ഛാ നിങ്ങള്‍ സന്തോഷവാനാണോ?,’ ജെയ്‌സ്വാളിന്റെ അച്ഛന്‍ പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണിലും മികച്ച പ്രകടനമായിരുന്നു ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ബാറ്ററായ അദ്ദേഹം 14 മത്സരത്തില്‍ നിന്നും 625 റണ്‍സ് നേടിയിരുന്നു. സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡും നേടിയത് ഈ 21കാരന്‍ തന്നെയാണ്. ജനറേഷനല്‍ ടാലെന്റ് എന്ന് ആരാധകര്‍ വിശ്വസിക്കുന്ന ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷകള്‍ ഇന്ത്യന്‍ ടീമിനുണ്ട്.

Content Highlight: Jaiswal’s Father Says Jaiswal called him after scoring century

We use cookies to give you the best possible experience. Learn more