തിരിച്ചടിയിലും തലയുയര്‍ത്തി ജെയ്‌സ്വാള്‍; സ്വന്തമാക്കിയത് 2024ലെ മിന്നും നേട്ടം!
Sports News
തിരിച്ചടിയിലും തലയുയര്‍ത്തി ജെയ്‌സ്വാള്‍; സ്വന്തമാക്കിയത് 2024ലെ മിന്നും നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th October 2024, 11:41 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഹാരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്.

നിലവില്‍ ആദ്യ ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്. കളി തുടരുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കിവീസ് പേസര്‍ ടിം സൗത്തി തുടങ്ങിയത്. ഇന്ത്യന്‍ സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ ഒമ്പത് പന്ത് കളിച്ച് പൂജ്യം റണ്‍സിനാണ് ഹിറ്റ്മാന്‍ മടങ്ങിയത്.

യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലും പ്രതീക്ഷിച്ചപോലെ തിളങ്ങിയില്ല. ജെയ്‌സ്വാള്‍ 60 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കുകയായിരുന്നു. ഗില്‍ 72 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 30 റണ്‍സും നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നറിന്റെയും ഇരയായി. നേടിയത് 30 റണ്‍സാണെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ജെയ്‌സ്വാള്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

2024 ഇന്റര്‍നാഷണല്‍ ടെസ്റ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഇതുവരെ ടെസ്റ്റിലെ 12 മത്സരത്തിലെ 22 ഇന്നിങ്‌സില്‍ നിന്ന് 1265 റണ്‍സാണ് നേടിയത്. 60.23 ആവറേജും താരത്തിന് ഉണ്ട്. നിലവില്‍ 2024ല്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മാത്രമാണ് 1000 റണ്‍സ് മറികടന്ന താരം. 2024ല്‍ 14 മത്സരങ്ങലില്‍ നിന്ന് 1305 റണ്‍സാണ് താരം നേടിയത്.

തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിരാട് കോഹ്‌ലി ഒരു റണ്‍സിന് പുറത്തായി ആരാധകരെ നിരാശയിലാക്കി. സാന്റ്‌നറാണ് താരത്തെയും പുറത്താക്കിയത്. ശേഷം ഇറങ്ങിയ പന്ത് 18 റണ്‍സും സര്‍ഫറാസ് 11 റണ്‍സും നേടി പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ ഘട്ടത്തിലാണ് തുടരുന്നത്. ശേഷം ഇറങ്ങിയ അശ്വിനും പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സിനാണ് താരം കൂടാരം കയറിയത്.

നിലവില്‍ ക്രീസിലുള്ളത് രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ്.

ആദ്യ ഇന്നിങ്‌സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. 11 ഫോര്‍ അടക്കം 76 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തിന് പുറമെ യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 65 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും കളിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ് 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റുകളും നേടി.

 

Content Highlight: Jaiswal In Great Record Achievement In 2024 Test Cricket