| Thursday, 16th June 2022, 8:10 pm

'ഒരു സിംഗിള്‍ എങ്കിലും എടുക്കാം കേട്ടോ'; പൃഥ്വി-ജെയ്‌സ്വാള്‍ എന്നിവരുടെ വെറൈറ്റി കൂട്ടുകെട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ-ഉത്തര്‍പ്രദേശ് രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 133ന് ഒന്ന് എന്ന നിലയില്‍ നില്‍ക്കുകയാണ് മുംബൈ. 346 റണ്‍സിന്റെ ലീഡ് മുംബൈക്ക് നിലവിലുണ്ട്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ആദ്യ വിക്കറ്റില്‍ 66 റണ്‍സാണ് നേടിയത്. യുവതാരങ്ങളായ പൃഥ്വി ഷായും ജെയ്‌സ്വാളുമായിരുന്നു ഓപ്പണിങ് ഇറങ്ങി മികച്ച കൂട്ടുകെട്ടുണ്ടാക്കിയത്. എന്നാല്‍ ഈ കൂട്ടുകെട്ടിനൊരു  പ്രത്യേകതയുണ്ട്. ആ 66 റണ്ണില്‍ 64 റണ്‍സും നേടിയത് പൃഥ്വിയാണ്. ബാക്കി രണ്ട് റണ്‍ എക്‌സ്ട്രാസും.

21ാം ഓവര്‍ വരെ നിലനിന്ന കൂട്ടുകെട്ടില്‍ 71 പന്താണ് പൃഥ്വി നേരിട്ടത്. 52 പന്ത് നേരിട്ടാണ് ജെയ്‌സ്വാള്‍ ഒരു റണ്‍ പോലും എടുക്കാതിരുന്നത്. 21ാം ഓവറില്‍ പൃഥ്വി സുരഭ് കുമാറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മികച്ച പ്രകടനമായിരുന്നു പൃഥ്വി കാഴ്ചവെച്ച്ത്. 64 റണ്‍ നേടിയ താരത്തിന്റെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുണ്ടായുരുന്നു.

ഇരുവരുടേയും കൂട്ടുകെട്ടിലെ 96.96 ശതമാനും റണ്ണും പൃഥ്വിയാണ് നേടിയത്. ഫസ്റ്റ് ക്ലാസില്‍ ഓപ്പണിങില്‍ 50 റണ്ണിന് മുകളിലുള്ള പാര്‍ട്‌നര്‍ഷിപ്പുകളില്‍ ഒരാള്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ശതമാനമാണിത്.

54ാം പന്തിലാണ് ജെയ്‌സ്വാള്‍ തന്റെ ആദ്യ റണ്‍ നേടിയത്. ബൗണ്ടറിയിലൂടെയാണ് താരം തന്റെ അക്കൗണ്ട് തുറന്നത്. ആദ്യ റണ്ണിന് ശേഷം ജെയ്‌സ്വാള്‍ തന്റെ ബാറ്റ് ഉയര്‍ത്തുകയും ടീം മേറ്റ്‌സും എതിരാളികളും കൈയടിക്കുകയും ചെയ്തു.

മൂന്നാം ദിവസം അവസാനിച്ചപ്പേള്‍ 133ന് ഒന്ന് എന്ന നിലയിലാണ് ടീം മുംബൈ. 114 പന്തില്‍ 35 റണ്ണുമായി ജെയ്‌സ്വാളും 32 റണ്ണുമായി അര്‍മാന്‍ ജാഫറുമാണ് ക്രീസില്‍.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ജെയസ്വാളിന്റെയും ഹര്‍ദിക് തമോരെയുടേയും സെഞ്ച്വറി മികവില്‍ മുംബൈ 393 റണ്‍ നേടിയിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ യു.പി. 180 റണ്ണിന് ഓള്‍ ഔട്ടാകുകയായിരുന്നു.

Content HIghlights: Jaiswal and Prithvi Shaw with a once in A life time partnership

We use cookies to give you the best possible experience. Learn more