| Wednesday, 13th December 2023, 5:36 pm

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് രണ്ടാമത്; നാണക്കേടിന്റെ പട്ടികയില്‍ ഇവരും

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മഴപെയ്തു. ഇതോടെ മത്സരം ചുരുക്കി സൗത്ത് ആഫ്രിക്കയ്ക്ക് 15 ഓവറില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം നിര്‍ണയിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസ് 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ യശ്വസി ജയ്സ്വാളിനെയും ശുഭ്മന്‍ ഗില്ലിനേയും പൂജ്യം റണ്‍സിനാണ് നഷ്ടപ്പെട്ടത്. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ഡേവിഡ് മില്ലര്‍ ആണ് ജയ്സ്വാളിനെ പുറത്താക്കിയത്. ലിസാഡ് വില്യംസിന്റെ എല്‍.ബി.ഡബ്ലിയു അപ്പീലില്‍ ഗില്ലും കൂടാരം കയറി. ജയ്സ്വാള്‍ മൂന്ന് പന്തും ഗില്‍ രണ്ട് പന്തുമാണ് നേരിട്ടത്. ഇതോടെ ഇരുവരും മറ്റൊരു നാണക്കേട് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു ഓപ്പണിങ് ജോഡി പൂജ്യം റണ്‍സിന് പുറത്താകുന്നത്. രോഹിത് ശര്‍മക്കും അജിങ്ക്യ രഹാനക്കും ശേഷം ഈ നാണക്കേടിന്റെ റെക്കോഡ് പട്ടികയിലേക്ക് എത്തിനില്‍ക്കുകയാണ് ഗില്ലും ജയ്‌സ്വാളും. 2016 പാകിസ്ഥാനോട് നടന്ന മത്സരത്തിലാണ് ഓപ്പണിങ് ജോഡികളായ രോഹിത്തും രഹാനയും ഡക്ക് വഴങ്ങുന്നത്. ഡിസംബര്‍ 12ന് ഗ്കെന്‍ബര്‍ഹയില്‍ നടന്ന ടി-ട്വന്റി മത്സരത്തില്‍ ഓപ്പണര്‍മാരായ ജയ്‌സ്വാളും ഗില്ലും ഈ മോശം റെക്കോഡ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.

ഇന്ത്യന്‍ ഓപ്പണിങ് തകര്‍ച്ചക്ക് ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ്ങുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 56 റണ്‍സ് ആണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. 39 പന്തില്‍ രണ്ട് സിക്സറുകളും ഒമ്പത് ബൗണ്ടറികളും ഉള്‍പ്പെടെ 68 റണ്‍സ് നേടിയാണ് റിങ്കു മികവ് തെളിയിച്ചത്. എന്നാലും ഇന്ത്യക്ക് രണ്ടാം ടി-ട്വന്റി വിജയിക്കാനായില്ല. ഡിസംബര്‍ 14നാണ് സൗത്ത് ആഫ്രിക്കയോടുള്ള അവസാന ടി-ട്വന്റി മത്സരം.

Content Highlight: Jaiswal and Gill on the list of shame

We use cookies to give you the best possible experience. Learn more