വിശാഖപട്ടണത്തില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് നേടിയിരിക്കുകയാണ്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ യങ് ഓപ്പണര്‍ യശ്വസി ജെയ്‌സ്വാളിന്റെ മിന്നും പ്രകടനത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41 പന്തില്‍ നിന്ന് 14 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെയ്‌സ്വാള്‍ മറുഭാഗത്ത് താളം കണ്ടെത്തുകയായിരുന്നു. നിലവില്‍ 257 പന്തില്‍ അഞ്ച് സിക്‌സറുകളും 17 ബൗണ്ടറികളും അടക്കം 146 റണ്‍സാണ് താരം നേടിയിത്. 69.65 സ്‌ട്രൈക്ക് റേറ്റിലാണ് യുവതാരം കളി തുടരുന്നത്. 48ാം ഓവറില്‍ ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ സിക്‌സര്‍ അടിച്ചാണ് ജെയ്‌സ്വാള്‍ റെഡ് ബോളിലെ തന്റെ രണ്ടാം സെഞ്ച്വറി തികച്ചത്.
ഇതോടെ താരം മറ്റൊരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും ചെറിയ പ്രായത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെയും രണ്ടാമത്തെയും താരമാകുകയാണ് ഈ സ്റ്റാര്‍ ഓപ്പണര്‍.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സെഞ്ച്വറി നേടുന്ന താരത്തിന്റെ പേര്, പ്രായം, എതിരാളി
1 – യശ്വസി ജെയ്‌സ്വാള്‍ – 21 വയസും 196 ദിവസവും – വെസ്റ്റ് ഇന്‍ഡീസ്
2 – യശ്വസി ജെയ്‌സ്വാള്‍ – 22 വയസും 36 ദിവസവും – ഇംഗ്ലണ്ട്*
3 – ശുഭ്മന്‍ ഗില്‍ – 23 വയസും 97 ദിവസവും – ബംഗ്ലാദേശ്
4 – റിഷബ് പന്ത് – 23 വയസും 151 ദിവസവും – ഇംഗ്ലണ്ട്
2023ല്‍ വെസ്റ്റ് ഇന്ഡീസിനോടുള്ള ടെസ്റ്റില്‍ ആയിരുന്നു ഇതിനുമുമ്പ് ജെയ്‌സ്വാള്‍ സെഞ്ച്വറി നേടിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
അതേ സമയം ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ വണ്‍ ഡൗണ്‍ ഇറങ്ങിയ ഗില്ലിന് കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. 46 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികള്‍ അടക്കം 34 റണ്‍സ് ആണ് താരം നേടിയത്. കഴിഞ്ഞ മത്സരങ്ങളിലായി തിളങ്ങാന്‍ സാധിക്കാതെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് ഗില്‍. പിന്നീട് വന്ന ശ്രേയസ് അയ്യര്‍ 51 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 27 റണ്‍സ് നേടി പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരന്‍ രജത് പാടിദാര്‍ 72 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 32 റണ്‍സ് നേടിയത്.
അക്‌സര്‍ പട്ടേല്‍ 51 പന്തില്‍ നിന്ന് നാല് ബൗണ്ടറി അടക്കം 27 റണ്‍സ് നേടി പുറത്തായപ്പോള്‍ എ.സ്. ഭരത് 23 പന്തില്‍ 17 റണ്‍സിന് കളം വിടേണ്ടി വന്നു. നിലവില്‍ രവിചന്ദ്രന്‍ അശ്വന്‍ 10 റണ്‍സ് നേടി ജെയ്‌സ്വാളിനൊപ്പം നോട്ട് ഔട്ടിലാണ്.
Content Highlight: Jaiswal also performs brilliantly in the second Test