| Saturday, 19th December 2020, 12:57 pm

ദേശീയപതാക ഉയര്‍ത്തുമ്പോള്‍ അവര്‍ക്ക് നെഞ്ച് പൊള്ളുക സ്വാഭാവികം; 2001ല്‍ ദേശീയ പതാക ഉയര്‍ത്തിയതിന് കേസിന് പോയ സംഘപരിവാര്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുയര്‍ത്തിയതിന് സംഘപരിവാര്‍ കേസ് നല്‍കിയ സംഭവം ഓര്‍മ്മിപ്പിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗരസഭാ കാര്യലയത്തിന് മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനറുയര്‍ത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാകയുയര്‍ത്തുകയും ഇതിനെതിരെ പരാതിയുമായി യുവമോര്‍ച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് വിവിധ ഘട്ടങ്ങളില്‍ ദേശീയ പതാകയെ തള്ളിപ്പറഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് അഡ്വ. രശ്മിത രംഗത്തെത്തിയിരിക്കുന്നത്.

‘ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് സ്വതേ അലര്‍ജിയാണ്, ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ട്. 2001 ജനുവരി 26-ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ – ബാബാ മെന്‍ധേ, രമേഷ് കലാമ്പേ, ദിലീപ് ചത്‌വാനി – ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ ആര്‍.എസ്.എസ് നാഗ്പൂര്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് 2012 വരെ തുടരുകയും പ്രഗത്ഭനായ മൊഹിലേ എന്ന വക്കീല്‍ ആ കേസിലെ പ്രതികളെ നിരുപാധികം വിടുവിച്ച് അവസാനിപ്പിയ്ക്കുകയും ആയിരുന്നു.’ അഡ്വ.രശ്മിത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഭരണഘടന സമിതി 1947 ജൂലായില്‍ മൂവര്‍ണ്ണക്കൊടിയെ ദേശീയ പതാകയായി അംഗീകരിച്ചപ്പോള്‍ അതിനെതിരെ ആര്‍.എസ്.എസ് രംഗത്തുവന്നതിനെക്കുറിച്ചും രശ്മിത ചൂണ്ടിക്കാണിക്കുന്നു. ഒരു ഹിന്ദുവും ഈ കൊടിയെ ബഹുമാനിയ്ക്കുകയോ അംഗീകരിയ്ക്കുകയോ ഇല്ല. മൂന്ന് എന്ന പദം പോലും തിന്‍മയാണ്, പതാകയിലെ 3 നിറങ്ങള്‍ മനശാസ്ത്രപരമായി തിന്‍മയുടെ ഫലങ്ങള്‍ കൊണ്ടു വരും, അത് രാജ്യത്തിന് അപകടകരമാണ് എ്ന്നായിരുന്നു ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയിരുന്നത്.

ഗാന്ധി വധത്തിനുശേഷം ആര്‍.എസ്.എസിന് ഏര്‍പ്പെടുത്തിയ നിരോധനം മാറ്റാനായി സര്‍ദാര്‍ പട്ടേലിന് മുന്‍പിലെത്തിയപ്പോള്‍ അദ്ദേഹം വെച്ച ഉപാധിയുടെ ഭാഗമായി മാത്രം ദേശീയ പതാകയെ അംഗീകരിച്ചവരാണ് ആര്‍.എസ്.എസുകാരെന്നും രശ്മിത പറയുന്നു. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളുന്നത് സ്വാഭാവികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായ ഡിസംബര്‍ 16നാണ് പാലക്കാട് ജയ്ശ്രീറാം ബാനറയുര്‍ത്തിയ സംഭവം നടന്നത്.  നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

നഗരസഭാ കാര്യാലയത്തിലെ പതാക ഉയര്‍ത്തലിനെതിരെ സംഘ പരിവാരം കേസു കൊടുത്തിരിയ്ക്കുകയാണ്. ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് സ്വതേ അലര്‍ജിയാണ്, ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ട് കേട്ടോ.
പണ്ട്… എന്നാല്‍, ഒത്തിരിപ്പണ്ടല്ല കേട്ടോ, 2001 ജനുവരി 26-ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ – ബാബാ മെന്‍ധേ, രമേഷ് കലാമ്പേ, ദിലീപ് ചത് വാനി – ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ ഞടട നാഗ്പൂര്‍ കോടതിയില്‍ കേസ് നമ്പര്‍ 176/2001 എന്ന നമ്പരില്‍ ബോംബെ പോലീസ് ആക്ടിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് 2012 വരെ തുടരുകയും പ്രഗത്ഭനായ മൊഹിലേ എന്ന വക്കീല്‍ ആ കേസിലെ പ്രതികളെ നിരുപാധികം വിടുവിച്ച് അവസാനിപ്പിയ്ക്കുകയും ആയിരുന്നു.

ദേശീയ പതാകയെ അംഗീകരിയ്ക്കുകയില്ല എന്നത് ആര്‍.എസ്.എസിന്റെ പ്രഖ്യാപിത നിലപാടാണ്. ഭരണഘടന നിര്‍മ്മിക്കാനുള്ള സമിതി 1947 ജൂലായ് മാസം 22 -ന് നമ്മുടെ മൂവര്‍ണ്ണക്കൊടിയെ ദേശീയപതാകയായി അംഗീകരിച്ചപ്പോള്‍ അതിനെതിരെ ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ശക്തമായി പ്രതിഷേധിച്ചെഴുതി: ‘ഒരു ഹിന്ദുവും ഈ കൊടിയെ ബഹുമാനിയ്ക്കുകയോ അംഗീകരിയ്ക്കുകയോ ഇല്ല. മൂന്ന് എന്ന പദം പോലും തിന്‍മയാണ്, പതാകയിലെ 3 നിറങ്ങള്‍ മനശാസ്ത്രപരമായി തിന്‍മയുടെ ഫലങ്ങള്‍ കൊണ്ടു വരും, അത് രാജ്യത്തിന് അപകടകരമാണ്”.

സംഘ പരിവാരത്തിന്റെ ആശയസംഹിതയായ വിചാരധാരയിലും ദേശീയ പതാകയ്‌ക്കെതിരെ വിഷം വമിപ്പിയ്ക്കുന്ന വാക്കുകള്‍ കാണാം. ഗാന്ധി വധത്തിനു ശേഷം 1949 ജൂലായ് മാസം 11 ന് സര്‍ദാര്‍ പട്ടേലിനോട് അച്ചാ പോറ്റി പറഞ്ഞ് ആര്‍.എസ്.എസിന്റെ നിരോധനം നീക്കണമെന്ന് ഗോല്‍ വാക്കര്‍ കേണ് പറഞ്ഞപ്പോ ‘ദേശീയ പതാകയെ അംഗീകരിയ്ക്കണമെന്നും ആര്‍.എസ്.എസ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കണമെന്നു ‘മടക്കമുള്ള ഉപാധികളാണ് പട്ടേല്‍ തിരിച്ചു വച്ചതും സമ്മതിപ്പിച്ചതും. അതായത് ആര്‍.എസ്.എസിന്റെ നിരോധനം നീക്കാനുള്ള ഉപാധിയായി മാത്രമാണ് അവര്‍ ദേശീയ പതാകയെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളും, സ്വാഭാവികം മാത്രം!

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: JaiSreeRam Banner controversy Palakkad, Adv. Resmitha Ramchandran FB post about RSS attitude towards National flag

We use cookies to give you the best possible experience. Learn more