| Monday, 20th August 2018, 2:23 pm

തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്യുന്നത്; ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത് തന്നെ പുണ്യം: താനൂരിലെ മത്സ്യത്തൊഴിലാളിയായ ജെയ്‌സണ്‍ പറയുന്നു...

ആര്യ. പി

“ബ്ലീഡിങ് ഉള്ള ഒരു സ്ത്രീ ണ്ടെന്ന് പറഞ്ഞിട്ടാ ഞങ്ങള് അവിടെ പോയത്, സാധാരണ ഓല്‍ക്ക് കാലൊരുപാട് ഉയര്‍ത്താന്‍ പറ്റൂലാന്ന് ഞമ്മക്കറിയാം. അതോണ്ടാണ് അവിടെ ചവിട്ട് പടിയായി നിന്നത്.

“ഞമ്മളൊരു സഹായവും പ്രതീക്ഷിച്ചില്ല ഈ പരിപാടിക്ക് നിക്കണത്, ഞമ്മളെക്കൊണ്ട് ആവണത് ചെയ്യുന്നു. ഏറ്റവും എളുപ്പമുള്ള പണിയല്ലേ ചവിട്ടു പടിയായി നില്‍ക്കുക എന്നത്.”- രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കി നിന്നുകൊടുത്ത മലപ്പുറം താനൂരിലെ മത്സ്യത്തൊഴിലാളിയായ ജെയ്‌സലിന്റെ വാക്കുകളാണ് ഇത്.

ഇന്നലെയാണ് ജയ്‌സണിന്റെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രക്ഷാ ബോട്ടില്‍ കയറാന്‍ ഒരു കല്ലു കണക്കെ കുനിഞ്ഞിരുന്ന് തന്റെ പുറംഭാഗം നല്‍കിയൊരു മനുഷ്യന്‍.


പ്രതിഷ്ഠയും നക്കി തുടച്ച് കൊടുത്തോളൂ; പ്രളയത്തിന് പിന്നാലെ മണ്ണാര്‍ക്കാട് ക്ഷേത്രപരിഹസരം വൃത്തിയാക്കിയ എസ്.കെ.എസ്.എസ്.എഫിനെതിരെ ആക്രോശവുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍


അയാള്‍ മനുഷ്യനാണ്, കല്ലല്ല, ചെരിപ്പൊക്കെ ഊരിവെച്ച് കേറി ഉമ്മ എന്ന് അയാളുടെ കൂടെയുള്ള സഹപ്രവര്‍ത്തകന്‍ പറയുന്നത് ആ വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

എന്നാല്‍ തങ്ങള്‍ ഇതെല്ലാം ചെയ്യുന്നത് ഒരു പ്രതിഫലവും ഉദ്ദേശിച്ചല്ലെന്നും ആളുകള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുക എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ജയ്‌സണിന്റെ മറുപടി.

അവിടെ ബോട്ടില്‍ കയറാന്‍ വേണ്ടി നിന്നവര്‍ക്കൊക്കെ ഉയരം തടസമായി. ആദ്യം ഞങ്ങള്‍ കല്ലിട്ട് കൊടുത്തു നോക്കി. പക്ഷേ അവര്‍ അതില്‍ തടഞ്ഞ് വീഴാന്‍ പോയി. ആര്‍ക്കും കയറാന്‍ കഴിഞ്ഞില്ല. ആ സമയത്താണ് മുതുകില്‍ ചവിട്ടി കയറിക്കോളാന്‍ പറയാന്‍ എനിക്ക് തോന്നിയത്. അത് വലിയ കാര്യമായൊന്നും ഞാന്‍ കാണുന്നില്ല.

അവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടേയെന്നേ ആ സമയത്ത് ആലോചിച്ചിട്ടുള്ളൂ. പിന്നേ ഇതിനേക്കാളൊക്കെ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് ഞാനും എനിക്കൊപ്പമുള്ള പലരും നിരവധി പേരെ രക്ഷിച്ചെടുത്തത്.

എന്റെ വീഡിയോ വൈറലായതുകൊണ്ട് ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. അവരുടെയൊന്നും ശ്രമങ്ങള്‍ ആരും കാണാത്തതുകൊണ്ട് അത് വൈറലായില്ല- ജയ്‌സണ്‍ പറയുന്നു.

17 ഓളം കുടുംബങ്ങളേയാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജെയസ്ണും സംഘവും രക്ഷിച്ചെടുത്തത്. ട്രോമാ പരിശീലനവും അവര്‍ക്ക് ഇതിന് തുണയായി. എന്നാല്‍ കുത്തൊഴുക്കുന്ന വെള്ളത്തില്‍ മലമ്പാമ്പിനേയും മറ്റ് ഇഴജന്തുക്കളുടേയും ഇടയിലൂടെ ജീവന്‍ രക്ഷിക്കാനായി കടന്ന് പോകേണ്ടി വരുന്ന തങ്ങള്‍ക്ക് ഒരു ലൈഫ് ജാക്കറ്റോ സുരക്ഷാ ജാക്കറ്റോ ഒന്നും ഇല്ലെന്നും ജയ്‌സണ്‍ പറയുന്നു.

“” രണ്ട് കിലോമീറ്ററോളം ദൂരം നീന്തിയാണ് പലപ്പോഴും പലരേയും രക്ഷിക്കാനായി പോകുന്നത്. ലൈഫ് ജാക്കറ്റ് ഒന്നും ഉണ്ടാവില്ല. സ്വന്തം ജീവന്റെ സുരക്ഷിതത്വമൊന്നും അപ്പോള്‍ നോക്കില്ല. എങ്ങനെയെങ്കിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തണം. അത് മാത്രമാണ് ചിന്ത.


പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി 10,000 രൂപ നല്‍കുമെന്ന സന്ദേശം വ്യാജം


മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി 250 ലേറെ പേരെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഫോണില്‍ വിളിച്ച് ഇപ്പോഴും കരയുകയാണ്. അവരുടെ കരച്ചില്‍ നേരിട്ട് കണ്ടവരാണ് ഞങ്ങള്‍. അവരുടെ വേദന ഞങ്ങള്‍ക്കറിയാം. – ജെയ്‌സണ്‍ പറയുന്നു.

സര്‍ക്കാരില്‍ നിന്നും പ്രതിഫലമൊന്നും പ്രതീക്ഷിച്ചിട്ടില്ലെന്നും എങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് പോലുള്ളവയെങ്കിലും ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന ആവശ്യമാണ് ജയസ്ണിനെ പോലുള്ളവര്‍ മുന്നോട്ട് വെക്കുന്നത്.

മലപ്പുറം താനൂരിലെ ഒറ്റമുറി വീട്ടിലാണ് ജയ്‌സണും മൂന്ന് മക്കളും ഉള്‍പ്പെടെയുള്ള കുടുംബവും താമസിക്കുന്നത്. പ്രളയദുരന്തം നാടിനെ നടുക്കിയ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജയ്‌സണും സംഘവും രാപകല്‍ സജീവമാണ്. പലപ്പോഴും കയ്യില്‍ നിന്നും പൈസയെടുത്ത് വണ്ടിക്കും മറ്റും ചിലവാക്കും. എങ്കിലും ഇതെല്ലാം ഒരു സന്തോഷമാണെന്ന് ജയ്‌സണ്‍ പറയുന്നു. ഒന്നും പ്രതീക്ഷിക്കുന്നില്ല. നമ്മള്‍ കാരണം ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അതാണ് ഏറ്റവും വലിയ പുണ്യമെന്നാണ് മത്സ്യത്തൊഴിലാളിയായ ജയ്‌സണ്‍ പറയുന്നത്.

ട്രോമാ കെയര്‍ യൂണിറ്റ് അംഗമാണ് ജെയ്‌സണ്‍. മലപ്പുറത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൃശൂര്‍, മാള മേഖലകളിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. തുടര്‍ന്നും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം കിട്ടിയാല്‍ സഹകരിക്കുമെന്നും ജെയ്‌സണ്‍ അറിയിച്ചു.

വീഡിയോ വൈറലായതിന് പിന്നാലെ ജയ്‌സണ്‍ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. ജയ്‌സണെപ്പോലുള്ളവരെയാണ് നാടിന് ആവശ്യമെന്നും സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരെ സഹായിക്കാനുള്ള മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും ജയ്‌സണ് നല്‍കിയ സ്വീകരണത്തില്‍ സി.ഐ.ടി.യു വ്യക്തമാക്കി. താനൂരില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിന് ജയ്‌സണ്‍ ഇന്ന് രാവിലെ സ്വീകരണവും ഒരുക്കിയിരുന്നു.

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാല്‍ പ്രത്യേകം സ്വീകരണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാട് പറ്റിയ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും ബോട്ടുകള്‍ കൊണ്ടു വന്ന സ്ഥലത്തേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ ഇന്ധനവും ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more